‘ഇനി എനിക്ക് ഓടാന്‍ വയ്യേ’; പൊലീസ് അന്വേഷണം ശക്തമായതോടെ എലത്തൂരില്‍ മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ നല്‍കി കള്ളന്‍


എലത്തൂര്‍: പൊലീസ് അന്വേഷണം കാര്യക്ഷമമായതോടെ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ തിരികെ കൊണ്ടിട്ട് മോഷ്ടാക്കള്‍ തടിതപ്പി. കഴിഞ്ഞദിവസം മോഷണം നടന്ന മോയിന്‍കണ്ടി പറമ്പില്‍ മുജീബ് റഹ്‌മാന്റെ വീട്ടുമുറ്റത്തെ ചെടിച്ചട്ടിയില്‍നിന്നാണ് നഷ്ടപ്പെട്ട ഏഴു പവന്‍ സ്വര്‍ണാഭരണവും തിരിച്ചുകിട്ടിയത്. വെള്ളിയാഴ്ച രാവിലെ മുജീബിന്റെ ഭാര്യ സാബിറ ചെടി നനക്കുന്നതിനിടയിലാണ് ചട്ടിയില്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ ആഭരണങ്ങള്‍ കണ്ടത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുജീബിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണം കളുപോയത്. അഞ്ചു പവന്റെ വളയും രണ്ടു പവന്‍ നെക്ലസുമായിരുന്നു മോഷണം പോയത്. കവര്‍ച്ചയിലെ തൊണ്ടിമുതലാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. എലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. സായുജ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ആഭരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇത് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് 4.30ന് മുജീബും ഭാര്യയും ഡോക്ടറെ കാണിക്കാനായി പോയപ്പോള്‍ വീടു പൂട്ടിതാക്കോല്‍ വാതിലിനടുത്തുള്ള ബെഞ്ചിനടിയില്‍ സൂക്ഷിച്ചതായിരുന്നു. താക്കോല്‍ എടുത്ത് മോഷ്ടാവ് വാതില്‍ തുറന്ന് അകത്തു പ്രവേശിക്കുകയും മരത്തിന്റെ അലമാര തുറന്ന് ഉള്ളില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നു. അഞ്ചരയോടെ സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയ മകന്‍ വാതില്‍ തുറന്ന് അകത്തു പ്രവേശിച്ചെങ്കിലും മോഷണവിവരം അറിഞ്ഞില്ല. മുജീബും ഭാര്യയും വീട്ടിലെത്തിയ ശേഷമാണ് മോഷണം നടന്നത് മനസ്സിലായത്. തുടര്‍ന്ന് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധന്‍ പി. ശ്രീരാജ് പരിശോധന നടത്തി തെളിവുകളും ശേഖരിച്ചിരുന്നു. പൊലീസ് നായുടെ സേവനവും ലഭ്യമാക്കിയിരുന്നു. തുടര്‍ ദിവസങ്ങളില്‍ പൊലീസ് പ്രത്യേക സ്‌ക്വാഡുകളായി വന്ന് പ്രദേശത്ത് അന്വേഷണം നടത്തി. പഴുതടച്ച അന്വേഷണത്തിനിടെ പിടിക്കപ്പെടുമെന്നായതോടെ മോഷ്ടാവ് ആഭരണം ചെടിച്ചട്ടിയില്‍ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. മോഷണ മുതല്‍ കിട്ടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളം ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.