അധിക ജലം പരന്നൊഴുകി കൃഷി നശിക്കുന്നത് പതിവായി; ചാക്കര നടയകം അച്ചംവീട്‌നട തോട് നവീകരിക്കാനൊരുങ്ങി തിക്കോടി പഞ്ചായത്ത്


തിക്കോടി: രണ്ടര പതിറ്റാണ്ടിന് ശേഷം തിക്കോടിയിൽ നെൽകൃഷി പുനരാരംഭിച്ചതിനോടൊപ്പം നവീകരണ പ്രവർത്തനങ്ങൾക്ക് വിപുലമായ ആരംഭം. കൂടുതൽ കൃഷി ഭൂമി വീണ്ടെടുക്കാനും നെൽകൃഷി സുഗമമാക്കാനും നാമാവശേഷമായിത്തീർന്ന തോട് നവീകരിക്കണമെന്നുള്ള കർഷകരുടെ ദീർഘ നാളത്തെ ആവശ്യത്തിനാണ് പരിഹാരം കണ്ടത്.

തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം അച്ചംവീട്‌നട തോട് നവീകരണ പ്രവൃത്തി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗോപാലന്‍ നായര്‍ വിശിഷ്ടാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയുടെ ഭാഗമായി തിക്കോടി പഞ്ചായത്തും, പുറക്കാട് നടയകം പാടശേഖര സമിതിയും കൃഷി വകുപ്പുമായി യോജിച്ചു തിക്കോടി പഞ്ചായത്തിലെ പുറക്കാട് നടയകം വയലുകളില്‍ നെല്‍കൃഷി ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായാണ് കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ ഡഡ്ജ് ക്രാഫ്റ്റ് ഉപയോഗിച്ച് ചാക്കരത്തോട് മുതല്‍ അച്ചംവീടു നട വരെയുള്ള തോട് നവീകരിക്കുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് പുറക്കാട് നടയകം വയലുകളില്‍ കൃഷിയിറക്കുന്നത്.

നടയകം വയലുകളില്‍ അധിക ജലം പരന്നൊഴുകുന്നതിനെ തുടര്‍ന്ന് കൃഷി നശിക്കുന്നത് പതിവായിരുന്നു. ഇതിനെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ നിന്നു കര്‍ഷകര്‍ കൊഴിഞ്ഞുപോയിരുന്നു. അധിക ജലം സംഭരിക്കാനുള്ള തോടിന്റെ അഭാവമായിരുന്നു പ്രശ്‌നത്തിന് കാരണം. ഇതിന്റെ ഭാഗമായാണ് ഡ്രഡ്ജ് ക്രാഫ്റ്റ് തിക്കോടിയിലെത്തിച്ച് തോട് നവീകരിക്കുന്നത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗംദുല്‍ഖിഫില്‍, മേലടി ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ചങ്ങാടത്ത്, തിക്കോടി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മാരായ പ്രനില സത്യന്‍, ആര്‍.വിശ്വന്‍, കെ.പി ഷക്കീല, വാര്‍ഡ് മെമ്പര്‍മാരായ ദിബിഷ, കോഴിക്കോട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ശശി പൊന്നാണ, തിക്കോടി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കളത്തില്‍ ബിജു, കൃഷി അസി.ഡയറക്ടര്‍ അനിത, തിക്കോടി കൃഷി ഓഫീസര്‍ ഡോണ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എടവന കണ്ടി ശശി, എടവനക്കണ്ടി രവീന്ദ്രന്‍, വി.വി അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.

തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി സ്വാഗതവും പാടശേഖര സമിതി പ്രസിഡന്റ് ആയടുത്തില്‍ നാരായണന്‍ നന്ദിയും പറഞ്ഞു.