”ഇത് എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം, എന്നെക്കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്യുന്നു” വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി സ്ഥലം വിട്ടുനല്‍കാന്‍ സമ്മതമറിയിച്ച് കാപ്പാട് സ്വദേശി യൂസഫ്


കൊയിലാണ്ടി: ഏത് പ്രതികൂല സാഹചര്യങ്ങളെയും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുന്നവരാണ് മലയാളികള്‍. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പലതരത്തിലുള്ള സഹായഹസ്തങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് സമ്പാദ്യമായുള്ള അഞ്ച് സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് കാപ്പാട് സ്വദേശിയായ യൂസഫ്.

ഉള്ള്യേരി പഞ്ചായത്തിലെ ഉള്ളൂരുള്ള അഞ്ച് സെന്റ് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞദിവസം യൂസഫ് മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ അയക്കുകയായിരുന്നു. യൂസഫിനെയും കുടുംബത്തെയും അഭിനന്ദിച്ച മുഖ്യമന്ത്രി കലക്ട്രേറ്റുമായി ബന്ധപ്പെട്ട് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്ന് അറിയിച്ചതായി യൂസഫ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”ഇത് എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. മുമ്പൊങ്ങും നേരിട്ടില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. ഇവിടെ എന്നെക്കൊണ്ട് പറ്റുന്നത് ഇതാണ്. അത് ഞാന്‍ ചെയ്യുന്നു” അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി അത്ര ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നവരല്ല യൂസഫും കുടുംബവും. ഭാര്യയും രണ്ടുമക്കളുമാണുള്ളത്. മൂത്തമകന്‍ ആംബുലന്‍സ് ഡ്രൈവറാണ്. ദുരന്തവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വയനാട്ടിലേക്ക് പോയ അവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. രണ്ടാമത്തെ മകന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യൂസഫ് കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്തെ സമ്പാദ്യമാണ് ഉള്ള്യേരിയിലുള്ള സ്ഥലം. ഇത് കൂടാതെ കാപ്പാടുള്ള ആറരസെന്റ് വരുന്ന പുരയിടമാണ് സമ്പാദ്യമായുള്ളത്.

നേരത്തെ പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ് യൂസഫ്. സി.പി.എമ്മിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും സംഘടനാ രംഗത്തും സജീവമായിരുന്നു.