മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കും; തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ചേമഞ്ചേരിയില്‍ യൂത്ത് മീറ്റ്


ചേമഞ്ചേരി: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ചേമഞ്ചേരിയില്‍ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. ഒക്ടോബര്‍ രണ്ടിന് മുന്നോടിയായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തില്‍ യുവജന സംഘടനകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാനായാണ് പരിപാടി സംഘടിപ്പിച്ചത്.

യുവജന സംഘടനകളെ മുന്‍നിര്‍ത്തി കൊണ്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
യോഗം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല.എം അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍ അതുല്യ ബൈജു സ്വാഗതം പറഞ്ഞു.

കര്‍മ്മപരിപാടിയുടെ ലക്ഷ്യങ്ങളെയും പ്രവര്‍ത്തന നടപടികളെയും കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി.അനില്‍കുമാര്‍ സംസാരിച്ചു. ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിനിന്റെ ലോഗോ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ അഷിത പഞ്ചായത്ത് പ്രസിഡന്റ്‌സതി കിഴക്കലിന് നല്‍കിക്കൊണ്ട് പ്രകാശനം നടത്തി.

നവ കേരള മിഷന്‍ ആര്‍.പി.വൈഷ്ണവി ശുചിത്വ പ്രതിജ്ഞ യോഗത്തില്‍ ചൊല്ലിക്കൊടുത്തു. യോഗത്തില്‍ സ്ഥിരം സമിതി അംഗങ്ങളായ സന്ധ്യ ഷിബു, വി.കെ.അബ്ദുല്‍ ഹാരിസ്, പഞ്ചായത്ത് എച്ച്.ഐ വന്ദന എന്നിവര്‍ സംസാരിച്ചു.

Summary: Youth meet at Chemanchery to discuss waste management