പൗരത്വഭേദഗതി വിജ്ഞാപനത്തിനെതിരെ കൊയിലാണ്ടിയില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത് ലീഗ്


കൊയിലാണ്ടി: പൗരത്വഭേദഗതി വിജ്ഞാപനത്തിനെതിരെ കൊയിലാണ്ടിയില്‍ ശക്തമായ പ്രതിഷേധം. മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലങ്ങളില്‍ ആഹ്വാനം ചെയ്ത ഫ്രീഡം മാര്‍ച്ച് കൊയിലാണ്ടിയിലും ശക്തമായി പ്രതിഷേധിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയ ധ്രുവീകരണം നടത്താനും ശ്രമിക്കുന്ന മോദിസര്‍ക്കാറിന്റെ നീക്കം ഭരണഘടന അട്ടിമറിയും ഇന്ത്യയുടെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മേല്‍ കത്തിവെക്കലുമാണെന്ന് യൂത്ത് ലീഗ് നേതൃത്വം പറഞ്ഞു.

നൂറ്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ഫ്രീഡം മാര്‍ച്ച് സിവില്‍സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച് കൊയിലാണ്ടി ടൗണില്‍ സമാപിച്ചു. മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി ടി. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. റിയാസ് കെ.കെ അധ്യക്ഷത വഹിച്ചു. ഫാസില്‍ നേടേരി, സമദ് നടേരി, അസീസ്മാസ്റ്റര്‍, കെ.എം നജീബ്, ശഫീഖ് തിക്കോടി, പി.കെ മുഹമ്മദലി, ആസിഫ് കലാം എന്നിവര്‍ സംസാരിച്ചു.