കെ.പി.സി.സി പ്രസിഡന്റിനെതിരായ വിമര്‍ശനം; വി.പി.ദുൽഖിഫിൽ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടിയ്‌ക്കെതിരെ പ്രതിഷേധം



പേരാമ്പ്ര:
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി. ദുല്‍ഖിഫിലിനെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ യൂത്ത് കോണ്‍ഗ്രസിനിടയില്‍ പ്രതിഷേധം. വിശദീകരണം ചോദിക്കുക പോലും ചെയ്യാതെ ധൃതിപിടിച്ചാണ് ദുല്‍ഖിഫിലിനെതിരെ നടപടിയെടുത്തത്. ദുല്‍ഖിഫിലിനെ പിന്തുണച്ച് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അണികളും സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ദുല്‍ഖിഫിലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തങ്ങളോടുപോലും അന്വേഷിക്കാതെ എടുത്ത നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്റിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചെന്നാണ് ദുല്‍ഖിഫിലിനെതിരെയുള്ള കുറ്റം. ഡി.വൈ.എഫ്.ഐ പൊതിച്ചോറ് നല്‍കുന്നത് യൂത്ത് കോണ്‍ഗ്രസ് മാതൃകയാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ചില യോഗങ്ങളില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതില്‍ വിയോജിപ്പുണ്ടെന്ന് കാണിച്ചാണ് ദുല്‍ഖിഫില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഡി.വൈ.എഫ്.ഐയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന് ഒന്നും പഠിക്കാനില്ല, അവര്‍ അക്രമികളാണ് എന്നൊക്കെയായിരുന്നു കുറിപ്പ്.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും കെ.പി.സി.സി പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡി.സി.സി പ്രസിഡന്റ് ഉടന്‍തന്നെ സസ്‌പെന്‍ഡ് ചെയ്തത്.

[bot1]