ചില്ലറ വില്‍പ്പനയ്ക്കായി ബ്രൗണ്‍ ഷുഗറുമായി എത്തവെ പിടികൂടി; പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് യുവാവ് അറസ്റ്റില്‍


മങ്കാവ്: പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവേ ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍. കൊളത്തറ അജ്മല്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍( 26) ആണ് ഡിസ്ട്രിക്ട് ആന്റി നര്‍കോടിക് സ്‌കോടിന്റെയും കസബ പോലീസിന്റെയും പിടിയിലായത്. മാങ്കാവും പരിസര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരി മരുന്ന് വില്‍പന സജീവമാകുന്നുണ്ടെന്ന ഡാന്‍സഫ് സ്‌കോഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃതത്തില്‍ കസബ പോലീസും ഡാന്‍സഫ് സ്‌കോഡും തിരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ചില്ലറ വില്‍പ്പനയ്ക്കായി ബ്രൗണ്‍ ഷുഗറുമായി എത്തവെയാണ് പ്രതി പോലീസിന്റെ വലയിലാവുന്നത്. എന്നാല്‍ പ്രതിയെ പിടികൂടുന്നതിനിടെ ഇയാള്‍ പോലീസിനെ പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി ഇയാളില്‍ നിന്ന് കച്ചവടത്തിനായി പൊതിയിലാക്കി സൂക്ഷിച്ച 5 മില്ലി ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു. മുന്‍പ് നിരവധി തവണ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പോലീസിനെ അക്രമിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

പതിവായി കണ്ണൂര്‍ കാസര്‍കോട് ഭാഗങ്ങളില്‍ നിന്നുമാണ് ഇയാള്‍ ലഹരി മരുന്നെത്തിക്കുന്നതെന്നും ഇതിന്റെ കണ്ണികളെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.ഡാന്‍സഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്, എസ്.സി.പി.ഒ അഖിലേഷ് കെ സി.പി.ഒ സുനോജ് കാരയില്‍, ജിനേഷ് ചൂലൂര്‍, അര്‍ജുന്‍ കസബ സബ് ഇന്‍സ്പെക്ടര്‍ ജഗത് മോഹന്‍ ദത്, ദിവ്യ വി.യു സി.പി.ഒ ബനീഷ്, അനൂപ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.