ലാഭം വാഗ്ദാനം ചെയ്ത് ഓൺലെെൻ ബിസിനസ്; ബാലുശ്ശേരി സ്വദേശിയായ ഐടി ഉദ്യോഗസ്ഥന് നഷ്ടമായത് 41 ലക്ഷം, അറസ്റ്റ്
ബാലുശ്ശേരി: ബാലുശേരി സ്വദേശിയായ യുവാവിൽ നിന്ന് ഓണ്‍ലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റിൽ. കൂത്തുപറമ്പ് മാളൂര്‍ കരേറ്റ ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ മുഖേന പാര്‍ട്ട്‌ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍ പണം നിക്ഷേപിച്ചാണ് കരിമ്പനപ്പാലത്ത് താമസിക്കുന്ന ഐടി ഉദ്യോഗസ്ഥന്നായ ബാലുശ്ശേരി സ്വദേശിയിൽ നിന്ന് പണം കെെക്കലാക്കിയത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോള്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. എന്നാൽ പിന്നീട് മുഴുവൻ തുകയും നഷ്ടപ്പെട്ടപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പല ഘട്ടമായാണ് 41 ലക്ഷം രൂപ തട്ടിയെടുത്തത്.
പണം ഇടപാടുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ അഞ്ചു ലക്ഷം രൂപ ബാങ്കില്‍ നിന്നു പിന്‍വലിച്ചത് പ്രതിയാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൂത്തുപറമ്പില്‍ ജോലി ചെയ്യുന്ന റെഡിമെയ്ഡ് സ്ഥാപനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
എഎസ്‌എൈ രജീഷ് കുമാര്‍, എസ്സിപിഒ സി.സുരേഷ്, സിപിഒ സുമേഷ് എന്നിവർ ചേര്‍ന്നായിരുന്നു കേസ് അന്വേഷിച്ചത്. തട്ടിപ്പിലെ ബാക്കി കണ്ണികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.