പൂച്ചയെ രക്ഷിക്കാനായി കിണറ്റിലിറങ്ങി, തിരികെ കയറാനാകാതെ കുടുങ്ങി; കൊടക്കാട്ടുമുറിയില്‍ യുവാവിന് രക്ഷകരായത് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്


കൊയിലാണ്ടി: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനായി ഇറങ്ങിക്കുടുങ്ങിയ യുവാവിന് ഫയര്‍ ഫോഴ്‌സ് രക്ഷകരായി. മുചുകുന്ന് കൊടക്കാട്ടുംമുറിയിലാണ് സംഭവം. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ തെക്കേപിലാത്തോട്ടത്തില്‍ ജസീല്‍ എന്ന 26 കാരനാണ് പൂച്ചയെ രക്ഷിക്കാനായി കിണറില്‍ ഇറങ്ങി തിരികെ കയറാന്‍ സാധിക്കാതെ കുടുങ്ങിപ്പോയത്.

ജസീല്‍ കിണറില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ കൊയിലാണ്ടി ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ജസീലിനെ രക്ഷിക്കുകയായിരുന്നു.

മുപ്പതടിയോളം ആഴമുള്ള മുന്‍സിപ്പാലിറ്റിയുടെ പൊതുകിണറിലാണ് ജസീല്‍ കുടുങ്ങിപ്പോയതെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പൂച്ചയെ കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറ്റി വിട്ട ശേഷമാണ് ജസീല്‍ കുടുങ്ങിയത്. പുറത്തെത്തിച്ച ശേഷം ജസീലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഫയര്‍ ഫോഴ്‌സ് പറഞ്ഞു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. സീനിയര്‍ ഫയര്‍ ഓഫീസര്‍ എം.മജീദ്, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ എം.എസ്.ഹരീഷ്, കെ.ഷാജു, ഫയര്‍മാന്‍മാരായ പി.കെ.സിതീഷ്, പി.വി.അഖില്‍, പി.എം.ബബീഷ്, ഒ.കെ.അമല്‍രാജ്, പി.കെ.ജിനീഷ് കുമാര്‍, ഹോംഗാര്‍ഡുമാരായ വി.പി.രാജീവ്, കെ.ഓംപ്രകാശ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.