അത്തോളി ചീക്കിലോട് വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയെ ബോധം കെടുത്തി ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി



അത്തോളി:
വീട്ടുപകരണങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ എത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്നു. കോഴിക്കോട് ചീക്കിലോടാണ് സംഭവം. ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ മൂന്നരപ്പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാദാപുരം ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദീരികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോടെ വീട്ടില്‍ കഴിഞ്ഞദിവസം ഉച്ചക്ക് ശേഷമാണ് വീട്ടുപകരണങ്ങളുമായി യുവാവ് എത്തിയത്. മകന്‍ പുറത്ത് പോയതിനാല്‍ ശ്രീദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ യുവാവ് കുടിക്കാനായി അല്പം വെള്ളം ആവശ്യപ്പെട്ടു. കുടിവെള്ളം ശ്രീദേവി പടിക്കല്‍ വെച്ചെങ്കിലും അത് എടുക്കാതെ കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്തേക്കൊഴിക്കുകയായിരുന്നുവെന്നാണ് ശ്രീദേവി പറയുന്നത്. നിങ്ങള് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചതായി ഓര്‍മ്മയുണ്ട്. പിന്നീട് ബോധം നഷ്ടമായെന്നും ശ്രീദേവി പറയുന്നു.

ദ്രാവകം മുഖത്ത് വീണതിന് പിന്നാലെ ബോധം നഷ്ടമായി. അല്‍പ്പസമയം കഴിഞ്ഞ് ബോധം വന്നതോടെ തലയ്ക്ക് നല്ല അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്നാണ് സ്വര്‍ണ്ണ മാല നഷ്ടമായ കാര്യം അറിഞ്ഞതെന്ന് ശ്രീദേവി പറയുന്നു. ശ്രീദേവി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.