പ്ലംബിങ് പണിക്കിടെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും വീണു; ചെങ്ങോട്ടുകാവ് സ്വദേശിക്ക് പരിക്ക്
കൊയിലാണ്ടി: പ്ലംബിങ് പണിക്കിടെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് യുവാവിന് പരിക്ക്. ചെങ്ങോട്ടുകാവ് സ്വദേശി ഷഹുമാന്‍ (21) എന്നയാള്‍ക്കാണ് പരിക്കേറ്റത്. കുറുവങ്ങാട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
യാസീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ പ്ലംബിങ് പണിക്ക് എത്തിയതായിരുന്നു ഷഹുമാന്‍. ഇതിനിടെയാണ്
രണ്ടാം നിലയില്‍ നിന്നും അബദ്ധത്തില്‍ സണ്‍ഷൈഡിലേക്ക് വീണ് എഴുന്നേൽക്കാൻ പറ്റാത്ത നിലയിലായത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിലേക്ക് വിളിച്ച് വിവരം പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ബിജു വി.കെയുടെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
സ്ട്രക്ചറിൽ റോപ്പ് ഉപയോഗിച്ച് യുവാവിനെ താഴെ സുരക്ഷിതമായി ഇറക്കുകയും ശേഷം കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഇയാളുടെ കാലുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം. സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ അനൂപ് ബി.കെ, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ബിനീഷ് കെ, നിധിപ്രസാദ് ഇ.എം, അനൂപ് എൻ.പി, ഷാജു കെ, ഇന്ദ്രജിത്ത് ഐ, ഹോം ഗാർഡുമാരായ അനിൽകുമാർ, ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Description: Young man injured after falling from second floor of house while doing plumbing work