‘പൊറോട്ടയും ബീഫും വേണം’; വെട്ടുകത്തിയുമായി വീടിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
കാസര്‍ഗോഡ്: നീലേശ്വരത്ത് പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ഭീഷണി. കിനാനൂര്‍ – കരിന്തളം ഉമ്മച്ചിപള്ളത്തെ ശ്രീധരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിന്റെ മുകളില്‍ കയറിയായിരുന്നു ഭീഷണി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അയല്‍വാസി ലക്ഷ്മിയുടെ വീടിന്റെ മുകളില്‍ ഏണിവഴി കയറുകയായിരുന്നു. ബീഫും പൊറോട്ടയും വേണമെന്ന് പറഞ്ഞ് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കി. അനുനയിപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും അന്വേഷിച്ച് ചിലര്‍ പോയെങ്കിലും ഞായറാഴ്ചയായതിനാല്‍ കിട്ടിയില്ല. ഒടുവില്‍ നീലേശ്വരം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി യുവാവിനെ താഴെയിറക്കി. പോലീസ് ഉദ്യോഗസ്ഥര്‍ ശ്രീധരന് ബീഫും പൊറോട്ടയും വാങ്ങി നല്‍കി.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറയുന്നു.