താമരശ്ശേരിയിൽ ഭാര്യക്കും മകള്‍ക്കും പിതാവിന്റെ ക്രൂരമര്‍ദനം; ഒൻപതു വയസ്സുകാരിയുടെ കൈ തല്ലിയൊടിച്ചു, ദേഹത്ത് ചൂടുവെള്ളമൊഴിച്ചു; ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു


താമരശ്ശേരി: ഭാര്യക്കും മകള്‍ക്കും പിതാവിന്റെ ക്രൂരമര്‍ദനം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരപ്പന്‍പൊയില്‍ സ്വദേശി ഷാജിയാണ് ഭാര്യയേയും മകളേയും ക്രൂരമായി മര്‍ദിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ കൈക്ക് ഒടിവുണ്ട്. കുട്ടിയുടെ മാതാവിന്റെ ചെവി കടിച്ച്‌ മുറിച്ചു. കുട്ടിയുടെ ശരീരം ചൂടുവെള്ളം ഒഴിച്ച്‌ പൊള്ളിച്ചതായും പരാതിയിലുണ്ട്. കൂടാതെ മാതാവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകളുമുണ്ട്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

സൈക്കിള്‍ വേണമെന്ന് കുഞ്ഞ് ആവശ്യപ്പെട്ടതോടെയായിരുന്നു ആക്രമണം തുടങ്ങിയത്. ആദ്യം വാങ്ങിക്കൊടുക്കാന്‍ പറ്റില്ലെന്ന് പറയുകയും പിന്നീട് ഉമ്മയുടെ വീട്ടുകാരോട് ചോദിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നിട്ട് കവിളിന്റെ രണ്ടു ഭാഗത്തും അടിക്കുകയും മര്‍ദിക്കുകയും ചെയ്തു. വൈകീട്ടോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

വൈകീട്ടോടെ വീണ്ടും എത്തിയ ഇയാള്‍ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. കൈ ഒടിച്ചു. മാതാവിനെയും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലുമെല്ലാം ക്രൂരമായി മര്‍ദിച്ചു. ചെവി കടിച്ചുപറിക്കുകയും ചെയ്തു.

ഷാജി നേരത്തേയും ഭാര്യയെ മര്‍ദിക്കാറുണ്ടെന്നാണ് കുടുംബം പറയുന്നത്. പണവും മറ്റും ആവശ്യപ്പെട്ടായിരുന്നു മര്‍ദനങ്ങള്‍. പല തവണ ഭാര്യ വീട്ടുകാര്‍ പണം നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്തതായി താമരശ്ശേരി പോലീസ് അറിയിച്ചു. ബാലവാകശ കമ്മീഷനും താമരശ്ശേരി പോലീസില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.