താമരശേരിയില്‍ അനധികൃതമായി നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്



താമരശേരി: അനധികൃതമായി നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കട്ടിപ്പാറ ചമല്‍ കൃഷ്ണാലയത്തില്‍ ശ്രീനേഷ് (22) മരിച്ച സംഭവത്തില്‍ കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ് കോടതി ജഡ്ജി എസ്. സുരാജിന്റേതാണ് ഉത്തരവ്.

ചമല്‍ കരോട്ട് ബൈജു തോമസ്, കരോട്ട് കെ.ജെ. ജോസ്, ചമല്‍ വളവനാനിക്കല്‍ വി.വി.ജോസഫ് എന്നിവരും കെ.എസ്.ഇ.ബിയും ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പതിനാറ് ലക്ഷം രൂപയും കോടതി ചെലവും നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി വിധി.

അഭിഭാഷകരായ കെ.മുരളീധരന്‍, കെ.പി.ഫിലിപ്പ് എന്നിവര്‍ മുഖേന ശ്രീനിഷിന്റെ മാതാപിതാക്കളായ ദിനേശനും ശ്രീജയും നല്‍കിയ സിവില്‍ കേസിലാണ് വിധി. വിധി പറഞ്ഞ തിയ്യതി മുതല്‍ നഷ്ടപരിഹാരത്തുക നല്‍കുന്നതുവരെയുള്ള കാലയളവിന് ആറുശതമാനം വാര്‍ഷിക നിരക്കില്‍ പലിശ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊടുവള്ളി കെ.എം.ഒ കോളേജ് വിദ്യാര്‍ഥിയും താമരശേരി റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിലെ താല്‍ക്കാലിക ജീവനക്കാരനുമായിരുന്ന ശ്രീനിഷിനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിനു പിറകിലെ കുളിമുറിയിലേക്ക് കുളിക്കാനായി പോകവെയാണ് വൈദ്യുതാഘാതമേറ്റത്. കൃഷിയിടത്തില്‍ കാട്ടുപന്നി കയറുന്നത് ഒഴിവാക്കാനായിരുന്നു വൈദ്യുതവേലി സ്ഥാപിച്ചത്.