ആരോ​ഗ്യം നിലനിർത്താൻ യോ​ഗ ശീലമാക്കാം; കൊയിലാണ്ടിയിൽ യോഗ പരിശീലനം സംഘടിപ്പിച്ചു


കൊയിലാണ്ടി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാതല ആചരണവും യോഗ പരിശീലനവും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ സന്നിഹിതനായിരുന്നു.

കൊയിലാണ്ടി നഗരസഭ, നാഷണൽ ആയുഷ് മിഷൻ, എൻ.എച്ച്.എം ആയുഷ് പ്രൈമറി സെൻ്റർ, കൊയിലാണ്ടി (പുളിയഞ്ചേരി), കൊയിലാണ്ടി നഗരസഭ വനിത ശിശു വികസന വിഭാഗം, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ, ജെ. സി. ഐ കൊയിലാണ്ടി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിലെ ഇ.എം. എസ് ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ ബി ജി അഭിലാഷ്. ശ്രീമതി സി സബിത, ഡോ. എ എസ് .അഷിത , അശ്വിൻ മനോജ്, ഡോ ജസില ഇർഷാദ് എന്നിവർ സംസാരിച്ചു. ഡോ. സി. എച്ച്.സിതാര യോഗ ക്ലാസ് എടുത്തു. കീഴരിയൂർ ഗവ: ആയുർവേദ ഡിസ്പൻസിറിയിലെ യോഗാ ടീം അവതരിപ്പിച്ച യോഗ ഡാൻസ് പ്രത്യേക ആകർഷണമായിരുന്നു.