ഏറെ നേരത്തെ തിരച്ചിൽ, ഒടുവിൽ മൃതദേഹം കണ്ടെത്തുന്നത് അക്ക്വഡേറ്റിൽ അടിഞ്ഞുകൂടിയ മരത്തടികൾക്കും മാലിന്യങ്ങൾക്കും ഇടയില്‍ നിന്ന്; നൊമ്പരമായി കൂത്താളി സ്വദേശി യദുവിന്റെ വിയോ​ഗം


പേരാമ്പ്ര: കനാലില്‍ കുളിക്കാനിറങ്ങി കാണാതായ കൂത്താളി സ്വദേശിയും ആശാരി കണ്ടി വാഴയില്‍ മീത്തല്‍ ഗംഗാധരന്റെ മകനുമായ യദുവിന്റെ മൃതദേഹം കണ്ടെത്തിയത് ഏറെ സമയം നീണ്ട പരിശ്രമത്തിനൊടുവിൽ. അക്ക്വഡേറ്റിന്‍റെ അവസാനഭാഗത്ത് മരത്തടികളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയിരുന്നു. ഇതിനിടയില്‍ നിന്നാണ് യദുവിന്റെ മൃതദേഹം സേന കണ്ടെത്തിയത്.

ഇന്നലെ രാത്രി 10.30 യോടെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് കുളിക്കുവാനായി മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു യദു. സുഹൃത്തുക്കളോട് നീന്തി മറുകരയില്‍ എത്താമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും യദു മറുഭാഗത്ത് എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാരും ഫയര്‍ഫോഴ്‌സും അക്വാഡയിറ്റില്‍ ഇറങ്ങി ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുറ്റ്യാടി ഇറിഗേഷന്‍ അധികൃതര്‍ പട്ടാണിപ്പാറയിലുള്ള ഇടതുകനാലിന്‍റെ ഷട്ടര്‍ ഭാഗികമായി അടച്ച് ഒഴുക്ക് നിയന്ത്രിച്ചത് തിരച്ചിലിന് സഹായകരമായി. അക്ക്വഡേറ്റിന്‍റെ അവസാനഭാഗത്ത് അടിഞ്ഞുകൂടിയ മരത്തടികളും മറ്റ് മാലിന്യങ്ങളും പുറത്തെത്തിക്കുന്നതും വളരെ പ്രയാസകരമായിരുന്നു. ഇതിനിടയില്‍ നിന്നാണ് യദുഗംഗാധരനെ സേന കണ്ടെത്തിയത്.

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ എം പ്രദീപന്‍റെയും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെയും നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസ്സര്‍മാരായ ഇയം പ്രശാന്ത്, വി വിനീത്, കെ പി വിപിന്‍, കെ രഗിനേഷ്, എം മകേഷ്, ഹോംഗാര്‍ഡ് വി കെ ബാബു എന്നിവരും നാട്ടുകാരായ കല്ലുനിരവത്ത് അഷ്റഫ്, മാവുള്ളചാലില്‍ സുരേഷ് എന്നിവരുമാണ് ഉദ്ദേശം 150 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും മുകള്‍ഭാഗം റോഡുമായ അക്ക്വഡേറ്റില്‍ ഇറങ്ങി അതിസാഹസികമായ തിരച്ചില്‍ നടത്തിയത്.

കുത്താളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി യം അനൂപ്കുമാര്‍, മറ്റ് ജനപ്രതിനിധികള്‍ ഇറിഗേഷന്‍ എ.എക്സ്.ഇ ബിജു, എഇ അര്‍ജുന്‍, ഇറിഗേഷന്‍ ജീവനക്കാരായ ബാബു, വിനോദ്, സുരേഷ് , ബാലകൃഷ്ണന്‍,നവാസ് എന്നിവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.