വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറിൽ കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: കേരളത്തിലെ കടുത്ത ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, കോട്ടയം, ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുള്ളതിനാൽ ആദ്യമായി സംസ്ഥാനത്ത് യെല്ലോ അലർട്ടടക്കം പ്രഖ്യാപിച്ച് കൊണ്ടാണ് കാലാവസ്ഥ പ്രവചനം. ഏഴാം തിയതി വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

വയനാട്ടിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.