യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും; നാളെ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനം


ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. വസന്ത് കുഞ്ജിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും. ശനിയാഴ്ച പകല്‍ 11 മുതല്‍ മൂന്നുവരെ സി.പി.എം ആസ്ഥാനമായ ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് കൈമാറും. ഇതുസംബന്ധിച്ച് യെച്ചൂരി നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് യെച്ചൂരി മരണപ്പെട്ടത്. എഴുപത്തിരണ്ട് വയസായിരുന്നു.

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കല്‍പികയുടെയും മകനായിരുന്നു. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്‌ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

1952 ആഗസ്റ്റ് 12ന് മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. ആന്ധ്ര ബ്രാഹ്‌മണ ദമ്പതികളായ സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയും കല്‍പ്പാക്കവുമാണ് മാതാപിതാക്കള്‍. അന്ധ്രപ്രദേശിലെ ഹൈദരാബാദിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1969ലെ തെലങ്കാന വിമോചന പ്രക്ഷോഭം വിദ്യാഭ്യാസത്തിന് തടസം സൃഷ്ടിച്ചതോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മാറി. 1970ല്‍ അഖിലേന്ത്യാ മെറിറ്റ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി അദ്ദേഹം ഹയര്‍ സെക്കണ്ടറി പൂര്‍ത്തിയാക്കി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കി. തുടര്‍ന്ന് 1975ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി.

ജെ.എന്‍.യുവില്‍ പഠിക്കവെ 1974ലാണ് അദ്ദേഹം എസ്.എഫ്.ഐയില്‍ ചേരുന്നത്. ഇക്കാലത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോക്ട്രേറ്റ് പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യച്ചൂരിയെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1975ലാണ് സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

1978 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ പ്രസിഡന്റായിരിക്കെ 1984ല്‍ അദ്ദേഹം എസ്.എഫ്.ഐ വിടുകയും സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു. 1985ലെ 13ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും 1992 മുതല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2015ലെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

നിലവില്‍ പീപ്പിള്‍സ് ഡമോക്രസിയുടെ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനും എഡിറ്ററുമാണ്. 2005-ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. ഡോ. അഖിലാ യെച്ചൂരി, ഡാനിഷ്, അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, എന്നിവര്‍ മക്കളാണ്.

Summary: Sitharam Yechury’s body will be brought to his Delhi residence this evenin