”എവിടെനോക്കിയാലും ഈ ചൊറിയന്‍ പുഴുവാണല്ലോ?”; ഒരു രക്ഷയുമില്ലാ… കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും തലവേദനയായി ചൊറിയന്‍ പുഴു പെരുകുന്നു


റുപ്പും, തവിട്ടും കലര്‍ന്ന നിറത്തിലുള്ള ശരീരം മുഴുവന്‍ മുള്ളുപോലെ കൂര്‍ത്ത രോമമുള്ള പുഴു, ഒട്ടുമിക്ക വീട്ടുകാര്‍ക്കും തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്നാഴ്ചകളായാണ് പുഴുശല്യം വ്യാപകമായിരിക്കുന്നത്. വീട്ടുപറമ്പിലെ വാഴകള്‍ മിക്കതും ഇവ നശിപ്പിച്ചു കഴിഞ്ഞു, പപ്പായകളും നശിക്കുന്നുണ്ട്, ചെറിയ ചെടികളും പുല്ലുകളും എന്നുവേണ്ട ഒട്ടുമിക്ക സസ്യങ്ങളെയും തിന്നുതീര്‍ത്താണ് ഇവ പെരുകുന്നത്.

കാലാവസ്ഥയിലുണ്ടായ മാറ്റമാണ് വലിയ തോതില്‍ ഇവ പെരുകാനിടയായതെന്നാണ് കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സാധാരണയായി മഴ തുടങ്ങുമ്പോഴാണ് ചൊറിയന്‍ പുഴുവിന്റെ ആക്രമണം ഉണ്ടാകാറുള്ളത്. എന്നാല്‍ കുറച്ചുദിവസം മുമ്പ് മഴ നന്നായി വിട്ടുനിന്നതും പിന്നാലെ തന്നെ കാര്‍മേഘാവൃതമാകുകയും ചെയ്തതോടെയാണ് ഇവ പെരുകാന്‍ അനുകൂലമായ സാഹചര്യമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വാഴ കര്‍ഷകരെ പുഴുശല്യം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഇവ ഇലകള്‍ തിന്ന് വെളുത്തനിറത്തില്‍ നശിച്ചുകിടക്കുകയാണ് മിക്ക വാഴയിലകളും. ഇലകള്‍ നശിക്കുന്നതോടെ വാഴകളില്‍ പ്രകാശ സംശ്ലേഷണം നടക്കാതെ വരികയും വാഴകള്‍ നശിച്ചുപോകുകയും ചെയ്യുന്നു. പപ്പായകളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്.

വീടുകളുടെ ഉള്ളിലും കടകളിലും മറ്റു സ്ഥാപനങ്ങളുമെല്ലാം ഈ പുഴുക്കളെ കാണാം. എന്തിന് വസ്ത്രമൊന്ന് ഉണങ്ങാന്‍ ഇടാന്‍ പോലും പറ്റുന്നില്ല പലയിടങ്ങളിലും! അതിലും കയറി നില്‍ക്കും ഈ പുഴുക്കള്‍. മനുഷ്യശരീരത്തില്‍ സ്പര്‍ശിച്ചാല്‍ രൂക്ഷമായ ചൊറിച്ചലിന് കാരണമാകുകയും ചുവന്ന് തടിക്കുകയും ചെയ്യും. കാണുന്നവയെ അപ്പപ്പോള്‍ നശിപ്പിക്കുകയും പുഴു ബാധിച്ച വാഴയിലകള്‍ കരിച്ചുകളയുന്നതിലൂടെയും ഇവയെ തുരത്താം. മരുന്നടിക്കുന്നതും മറ്റും മനുഷ്യര്‍ക്ക് ദോഷകരമാകും.