‘വേള്‍ഡ് മാന്‍ ഓഫ് ദി ഇയര്‍ 2023’; ലോക സുന്ദര പട്ടത്തിനായൊരുങ്ങി കോഴിക്കോട്ടുക്കാരനും
കൊയിലാണ്ടി: പുരുഷ മോഡലിങിന് കോഴിക്കോടിന് അഭിമാനമായി ചേളന്നൂര്‍ സ്വദേശി രോഹിത് കെ വിജയന്‍. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന വേള്‍ഡ് മാന്‍ ഓഫ് ദി ഇയര്‍ 2023 മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് രോഹിത് പങ്കെടുക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ ആദ്യമായാണ് ഒരു മലയാളി പങ്കെടുക്കുന്നത്.
ഇതിനോടകം തന്നെ നിരവധി സൗന്ദര്യ മത്സരങ്ങളില്‍ രോഹിത് വിജയ കിരീടം ചൂടിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം ലഭിച്ചതാണ് അന്താരാഷ്ട്ര മത്സരത്തിലേക്ക് വഴി തെളിയിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 30 പേരായിരുന്നു മത്സരത്തില്‍ പങ്കെടുത്തിരുന്നത്. രണ്ട് ദിവസങ്ങളിലായി എട്ട് റൗണ്ടുകളായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. ഈ റൗണ്ടുകളിലെല്ലാം മുന്നേറിയാണ് രോഹിത് മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയത്. മത്സരത്തിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ വ്യക്തിയ്ക്കുള്ള സൈറ്റല്‍ ഐക്കണ്‍ പട്ടവും രോഹിതിന് ലഭിച്ചിരുന്നു.
ഒമ്പത് വര്‍ഷത്തോളമായി മോഡലിങ് രംഗത്തുള്ള രോഹിത് 2021 മുതലാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. 2021 ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ടോപ് ഫൈവില്‍ എത്തി. 2022 ല്‍ വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്റെ മിസ്റ്റര്‍ കിംഗ് മോഡല്‍ ഓഫ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ലുലു മാന്‍ ഓഫ് ദി ഇയര്‍ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര മത്സരത്തിന് ശേഷം സിനിമയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് രോഹിത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം ഉള്‍പ്പെടെ സ്വന്തമാക്കിയ നാടകപ്രവര്‍ത്തകന്‍ വിജയന്‍ മലാപ്പറമ്പിന്റെയും രാധാമണിയുടെയും മകനാണ്. ജേര്‍ണലിസം ബിരുദധാരിയും യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമാണ് രോഹിത്.