കെ എസ് ആർ ടി സി ബസ്സിൽ കോഴിക്കോട് സ്വദേശിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; ക്യത്യവിലോപത്തിന് കണ്ടക്ടർക്കെതിരെ കേസ്
കോഴിക്കോട്: കെ എസ് ആർ ടി സി ബസ്സിൽ കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകപ്പ് മന്ത്രി ആന്റണി രാജു. പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയെന്നു തെളിഞ്ഞതിനാലാണിത്. സംഭവത്തിൽ കണ്ടക്റ്റർ വീഴ്ച സമ്മതിച്ചിരുന്നു. കണ്ടക്ടർക്ക് വീഴചപറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തൃശ്ശൂരിലെത്തിയപ്പോഴാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
ബസ് കണ്ടക്ടർ ജാഫറിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ നടക്കാവ് പൊലീസാണ് കേസ്സെടുത്തത്. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തത്.
അടിയന്തിര അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. കണ്ടക്ടറുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. ഉപദ്രവിച്ചയാൾക്കെതിരെ അധ്യാപിക വനിത കമ്മീഷനും പരാതി നൽകി.