മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, സംഘർഷാവസ്ഥ


മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ മാനന്തവാടിയിൽ സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ. വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് പ്രദേശവാസികളുടെ ഭാ​ഗത്തുനിന്നും ഉയര്‍ത്തുന്നത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ മന്ത്രി ഒ.ആര്‍. കേളുവിനെതിരെയും ജനരോഷമുയര്‍ന്നു. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങളുടെ പ്രതിഷേധം. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്.

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. വനത്തോടു ചേര്‍ന്നുള്ള ഭാ​ഗത്ത് തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം കണ്ടെത്തുന്നത്.

ഇതോടെയാണ് നാട്ടുകാര്‍ വലിയ തോതില്‍ പ്രതിഷേധിച്ചത്. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. നരഭോജി കടുവയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പിടികൂടിയശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി പറ്റില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

അതേസമയം കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കാവുന്നതാണ്. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്.

അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.