ആശാ വര്‍ക്കറിൽ നിന്ന് ജനപ്രതിനിധിയിലേക്ക്; ചെറുവണ്ണൂരിലെ ഇ.ടി.രാധയുടെ മരണത്തോടെ സി.പി.ഐക്ക് നഷ്ടമാകുന്നത് ജില്ലയിലെ ഏക പഞ്ചായത്ത് പ്രസിഡന്റിനെ


ചെറുവണ്ണൂര്‍: ഇ.ടി.രാധയുടെ വിയോ​ഗത്തോടെ സി.പി.ഐക്ക് നഷ്ടമാകുന്നത് പാർട്ടിയുടെ ജില്ലയിലെ ഏക പഞ്ചായത്ത് പ്രസിഡന്റിനെ. ആശാ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് രാധ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപ്രതിനിധിയാകുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് സി.പി.ഐ സ്ഥാനാർത്ഥിയായി രാധ മത്സരിക്കുന്നത്. പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡായ കക്കറമുക്കില്‍ നിന്നാണ് ജനപ്രതിനിധിയായ തിരഞ്ഞെടുക്കപ്പെടുന്നത്. എൽ.ഡി.എഫിൽ സി.പി.എം ന് അഞ്ചും സി.പി.ഐക്ക് രണ്ടു സീറ്റാണ് ഉണ്ടായിരുന്നത്. ഇടത് മുന്നണി ധാരണ പ്രകാരം സി.പി.ഐ സ്ഥാനാർത്ഥിയായി വിജയിച്ച ഇ.ടി.രാധ പ്രസിഡണ്ടാവുകയായിരുന്നു. അതോടെ കോഴിക്കോട് ജില്ലയിലെ സി.പി.ഐയുടെ ഏക പഞ്ചായത്ത് പ്രസിഡണ്ടായി രാധ മാറി.

പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പെട്ടന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് ഒന്‍പത് മാസത്തോളമായി ചികിത്സയിലായിരുന്നു. രോഗം അധികമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ മാസങ്ങളായി ചികിത്സയില്‍ തുടരവെ ഇന്ന് 7.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.

ഒന്‍പത് വര്‍ഷങ്ങൾക്ക് മുമ്പാണ് രാധ സി.പി.ഐയുടെ പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന് പുറമേ പാറപ്പുറം ബ്രാഞ്ച് കമ്മറ്റി അംഗം, കേരളാ മഹിളാ സംഘം ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗം എന്നീ പദവികളും വഹിക്കുന്നുണ്ട്.

സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക്.

Summary: With the death of ET Radha in Cheruvannur, the CPI loses its only panchayat president in the district.