പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വിസ്ഡം സ്റ്റുഡന്‍സ്‌ കൊയിലാണ്ടി മണ്ഡലം ‘കളിച്ചങ്ങാടം’ ബാലസമ്മേളനം


കൊയിലാണ്ടി: വളരെ ചെറിയ കുട്ടികൾ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുന്ന വേദനാജനകമായ അവസ്ഥ വർധിച്ചു വരുന്ന വർത്തമാനകാല സാഹചര്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ഭരണകൂടത്തിന്റെ ബോധപൂർവമായ ഇടപെടൽ ആവശ്യമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് കൊയിലാണ്ടി മണ്ഡലം ബാലവേദി സംഘടിപ്പിച്ച ‘കളിച്ചങ്ങാടം’ ബാലസമ്മേളനം അഭിപ്രായപ്പെട്ടു. കൊല്ലത്ത് ഡിസംബര്‍ 1ന് സംഘടിപ്പിച്ച സമ്മേളനം കൊയിലാണ്ടി നഗരസഭ കൗൺസിലർ വി. ഫക്റുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വിദ്യാലങ്ങളിലും സ്വന്തം വീടുകളിലും വരെ കുട്ടികൾ അതിക്രമത്തിന് വിധേയമാകുന്നത് ഇല്ലാതാക്കാൻ നിയമങ്ങൾ കൊണ്ട് മാത്രം സാധ്യമല്ല എന്നാണ് അനുഭവ പാഠം. ധാർമിക ബോധത്തിന്റെ അഭാവവും കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിക്കാതെ പോകുന്ന സാഹചര്യവും കുറ്റവാളികളെ വളർത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ ഷിനാസ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എം.കെ ഷമീർ, വിസ്ഡം യൂനിറ്റ് സെക്രട്ടറി വി.വി നൗഫൽ, മണ്ഡലം സെകട്ടറി ഒ.കെ ലത്തീഫ്, യൂനിറ്റ് പ്രസിഡണ്ട് ഏ.വി അബ്ദുൽ ഖാദർ, മജീദ് മാസ്റ്റർ അരിക്കുളം ആശംസകൾ നേർന്ന് സംസാരിച്ചു.

വിവിധ വിഷയങ്ങളിൽ ബഷീർ മണിയൂർ, ഫൗസാൻ കായക്കൊടി, സർജാസ് പൂനൂർ കുട്ടികളുമായി സംവദിച്ചു. വിസ്ഡം ജില്ലാ സെകട്ടറി കെ ജമാൽ മദനി, ഹബീബുറഹ്മാൻ സ്വലാഹി, ഹാഫിദ് ബിലാൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റുഡൻസ് മണ്ഡലം സെക്രട്ടറി ആമിൽ ജമാൽ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് ബഹീജ് കാപ്പാട് നന്ദിയും പറഞ്ഞു.

Description: Wisdom Students Koyilandy Mandal ‘Kalichangadam’ Children’s Conference