‘സോഷ്യൽ മീഡിയയിലൂടെ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം’; കൊയിലാണ്ടിയില്‍ വിസ്‌ഡം ‘ആംപ്ലിഫൈ’ ജില്ലാ ശില്പശാല സംഘടിപ്പിച്ചു


കൊയിലാണ്ടി: വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതു പ്ലാറ്റ്ഫോമായ സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കമ്മ്യൂണിക്കേഷൻ വിംഗ് സംഘടിപ്പിച്ച ‘ആംപ്ലിഫൈ’ ജില്ലാ ശില്പശാല ആവശ്യപ്പെട്ടു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻ ജില്ലാ സെക്രട്ടറി കെ.ജമാൽ മദനി ഉദ്ഘാടനം ചെയ്തു.

വ്യക്തി സ്വാതന്ത്ര്യം എന്നത് പൊതു ഇടങ്ങളിൽ എന്തും പറയാനും, പ്രവർത്തിക്കാനുമുള്ള അവകാശമായി കണക്കാക്കുന്നത് നീതികരിക്കാനാവില്ല. കുട്ടികളിൽ വർദ്ധിച്ച് വരുന്ന ഐ ടി അനുബന്ധ ഗെയിമുകളുടെ അഡിക്ഷൻ ഒഴിവാക്കാൻ പ്രത്യേക ബോധവൽക്കരണത്തിന് ഊന്നൽ നൽകണമെന്നും ശില്പശാല ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് സാജിദ് ബാലുശ്ശരി അധ്യക്ഷത വഹിച്ചു.

വിസ്‌ഡം ഐ ടി വിങ് സംസ്ഥാന സമിതി അംഗങ്ങളായ അബ്ദുസലാം സ്വലാഹി, അനീസ് തൂത, ഷരീഫ് കാര, ഷമീർ മൂടാടി, ടി.എൻ ഷക്കീർ സലഫി, കെ.പി.പി ഖലീലു റഹ്മാൻ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി, കമ്മ്യൂണിക്കേഷൻ വിംഗ് ഭാരവാഹികളായ സമീർ വടകര റഫാൻ കൊയിലാണ്ടി ഫാഇസ് പേരാമ്പ്ര, വി.കെ സുബൈർ എന്നിവർ പ്രസംഗിച്ചു. പരിപാടിയില്‍ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികൾക്ക് രൂപം നൽകി.