കാട്ടുപന്നി കുറുകെ ചാടി; നാദാപുരം സ്വദേശിയായ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


നാദാപുരം: കാട്ടുപന്നി റോഡിന് കുറുകെ ചാടി, നാദാപുരം സ്വദേശിയായ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തലശ്ശേരി-നാദാപുരം സംസ്ഥാന പാതയിലാണ് സംഭവം. നാദാപുരം ചേറ്റുവെട്ടി സ്വദേശി പൊന്നന്റവിട കുഞ്ഞബ്ദുള്ള ആണ് മരിച്ചത്. അമ്പത്തഞ്ചു വയസ്സായിരുന്നു. ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റ കുഞ്ഞബ്ദുള്ളയെ നാട്ടുകാരും നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസും എത്തി നാദാപുരം ഗവ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചെങ്കിലും
ചികിത്സയിലായിരിക്കെ മരിച്ചു.

പരേതനായ നന്തോത്ത് അമ്മദിന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: കുന്നത്ത് സുഹറ, മക്കള്‍: മുഹമ്മദ് ജൗഹര്‍ (അബുദാബി), അദീബ്, ആമിന മരുമകള്‍: സാലിഹ സഹോദരങ്ങള്‍: അസീസ്, സുബൈര്‍, മിസ്ഹബ്, നിസാര്‍, സഫിയ, ഷാഹിദ, സുഹറ, ആസ്യ, ജുവൈരിയ. ഇന്ന് ഉച്ചയ്ക്ക് നാദാപുരം ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.

ഈ പ്രദേശത്ത കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.