ഈങ്ങാപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി യാസിര്‍ പിടിയില്‍


കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. കൊലപാതകത്തിനു ശേഷം സഞ്ചരിച്ച അതേ കാറിൽ നിന്ന് തന്നെയാണ് ഇയാളെ പോലീസ് പിടികൂടിയത്‌.

കൊലപാതകശേഷം ഒളിവില്‍ പോയ ഇയാളുടെ കാറിന്‍റെ നമ്പര്‍ പോലീസ് പ്രചരിപ്പിച്ചിരുന്നു. പാര്‍ക്കിങ്ങ് ഏരിയില്‍ വെച്ച് നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്‌.

ലഹരിക്ക് അടിമയായ യാസി‍ർ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. കഴുത്തിന് വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അബ്ദുറഹ്‌മാന്റെ ആരോഗ്യനില ഗുരുതരമാണ്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

നാലു വർഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒരുമിക്കുന്നത്. എന്നാല്‍ ആദ്യ മാസങ്ങള്‍ക്ക് ശേഷം യാസിറിന്റെ സ്വഭാവം മാറി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസർ മർദിക്കുകയും ഷിബിലയുടെ സ്വർണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്കി.

പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ രമ്യതയിലെത്തുകയായിരുന്നുനവെന്നും തന്റെ സ്വര്‍ണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിര്‍ ലഹരി ഉപയോഗിച്ചും മറ്റു ധൂര്‍ത്തടിക്കുകയും ചെയ്തിരുന്നതായും ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്. എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Description: Wife murder case in Eengapuzha; Accused Yasir arrested