താമരശ്ശേരിയില്‍ കവര്‍ച്ച നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ടു, പണി കിട്ടി മോഷ്ടാവ്


കോഴിക്കോട്: കവര്‍ച്ച നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് വാഹനാപകടത്തില്‍പ്പെട്ടു. താമരശ്ശേരി തച്ചംപൊയില്‍ പുത്തന്‍തെരുവില്‍ അഷ്‌റഫിന്റെ പലചരക്ക് കടയില്‍ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. കടയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നു.

ഇതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ട മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുന്ദമംഗലത്തിന് സമീപത്ത് വച്ച് അപകടത്തില്‍പെട്ടു. ഇയാളില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണില്‍ ആശുപത്രിയിലാക്കിയവര്‍ കടയുടമ അഷ്‌റഫിനെ വിളിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ മോഷ്ടാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കടയുടമ അഷ്‌റഫ് പരാതി നല്‍കിയിട്ടുണ്ടെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.