കഥകളിക്കാർക്ക് ഫയർഫോഴ്സ് ഓഫീസിൽ എന്ത് കാര്യം? പേരാമ്പ്രയിലെ കലോത്സവനഗരിയില്‍ നിന്നിതാ ഒരു കരുതലിൻ്റെ കാഴ്ച


പേരാമ്പ്ര: സമീപത്ത് ഫയര്‍ എഞ്ചിനുകള്‍…ചുറ്റിലും അഗ്നിരക്ഷാസേനാംഗങ്ങള്‍..ഇവര്‍ക്ക് നടുവിലായി കഥകളിയ്ക്കായി വേഷം അണിയുന്നവര്‍. പറഞ്ഞു വരുന്നത് പേരാമ്പ്രയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിലെ ഇന്നലെ കണ്ട മനോഹര കാഴ്ചയെക്കുറിച്ചാണ്. അഞ്ചാം വേദിയില്‍ നടക്കുന്ന കഥകളി മത്സരത്തിന്റെ മേക്കപ്പിനായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടമായിരുന്നു കലോത്സവ സംഘാടക സമിതി കുട്ടികള്‍ക്കായി ഒരുക്കിയിരുന്നത്. എന്നാല്‍ പഴയ കെട്ടിടമായതിനാലും ആവശ്യമായ ബാത്ത്‌റൂം സൗകര്യമില്ലാത്തതിനാലും മേക്കപ്പിനായി വന്ന കുട്ടികളും രക്ഷിതാക്കളും ആകെ ആശയകുഴപ്പത്തിലായി.

മൂന്ന്-നാല്‌ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മേക്കപ്പ് ഇത്രയും അസൗകര്യത്തില്‍ എങ്ങനെ ചെയ്യുമെന്ന ടെന്‍ഷനിലായി കുട്ടികള്‍. ഇതിനിടയിലാണ് രക്ഷിതാക്കളും കുട്ടികളും വിഷമത്തോടെ സംസാരിക്കുന്നത് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമന്‍ കേള്‍ക്കുന്നത്.

പിന്നെ ഒന്നും നോക്കീല്ല, അവരുടെ അടുത്തേക്ക് പോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കലോത്സവ നഗരയിയില്‍ സജീവമായ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അംഗങ്ങള്‍ക്ക് ഇതൊരു പ്രശ്‌നമേ ആയി തോന്നീല്ല. ഉള്ള സൗകര്യം വെച്ച് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിന്റെ വരാന്ത അവര്‍ക്കായി വിട്ടുകൊടുത്തു.

പിന്നീട് രക്ഷിതാക്കളുടെയും കുട്ടികളുടെയും എല്ലാ സഹായത്തിനും ആ ഉദ്യോഗസ്ഥര്‍ കൂടെക്കൂടി. കലോത്സവ നഗരിയിലെത്തിയവര്‍ക്കും അതൊരു മനോഹര കാഴ്ചയായിരുന്നു. മേക്കപ്പ് എല്ലാം കൃത്യമായി തീര്‍ത്ത് മത്സരത്തിനായി സ്‌റ്റേജിലേക്ക് നടന്നു നീങ്ങുമ്പോള്‍ ആശങ്കപ്പെട്ടുനിന്ന സമയത്ത് സഹായം ചെയ്ത സേനാംഗങ്ങളോട് നന്ദി പറയാനും കുട്ടികള്‍ മറന്നില്ല.