കുട്ടികൾ പഠിക്കും ഇനി കാലാവസ്ഥാ വ്യതിയാനം; കൊയിലാണ്ടി ജി.എച്ച്.എസ്.എസ് ഉൾപ്പെടെ 18 സ്കൂളുകളിൽ വെതർ സ്റ്റേഷനുകൾ വരുന്നു


കൊയിലാണ്ടി: കഥ മാറി, കാലം മാറി, കാലാവസ്ഥ എങ്ങും മാറി മറിയുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ പറ്റി കുട്ടികൾക്കു സൂക്ഷ്മമായി പഠിക്കാൻ സ്കൂളുകളിൽ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം. കൊയിലാണ്ടി ജി.എച്ച്.എസ്.എസ് ഉൾപ്പെടെ ജില്ലയിലെ 18 സ്‌കൂളുകളിൽ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കും.

ജിയോഗ്രഫി ഓപ്ഷൻ വിഷയമുള്ള സർക്കാർ സ്‌കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമർദ്ദം എന്നിവ നിരീക്ഷിച്ച് കുട്ടികൾ പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് സ്‌കൂളുകളിൽ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കിം പറഞ്ഞു.

പ്രളയം ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തലമുറയെ കാലാവസ്ഥാമാറ്റം അറിയാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും പരിശീലിപ്പിക്കുന്നത്. റെയ്ൻഗേജ്, വിൻഡ്വേവ്, തെർമോമീറ്റർ, മോണിറ്റർ, വെതർ ഡേറ്റാബാങ്ക് തുടങ്ങി 13 ഉപകരണങ്ങളാണ് ഓരോ സ്റ്റേഷനിലും ഉണ്ടാവുക. ഇതിനായി ഒരോ സ്‌കൂളിനും 48,225 രൂപവീതം അനുവദിച്ചു.

സ്‌കൂൾ വെതർ സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന ഡേറ്റ വിദ്യാർഥികൾതന്നെ പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. പ്രാഥമിക ഡേറ്റ സ്‌കൂൾ വിക്കിയിലും വിശദഡാറ്റ എസ്.എസ്.കെയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും, കാലാവസ്ഥയിൽ വരാവുന്ന മാറ്റം നിർണയിച്ച് ജനങ്ങൾക്ക് വിവരം കൈമാ റാനും ഇതിലൂടെ സാധിക്കും. കാലാവസ്ഥാ നിരീക്ഷണവും പഠനവും കൂടുതൽ വികേന്ദ്രീകൃതമാവും.

പദ്ധതിയുടെ ഭാഗമായി ജ്യോഗ്രഫി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. അവരാകും വിദ്യാർഥികളെ വെതർസ്റ്റേഷൻ പ്രവർത്തനത്തിന് പ്രാപ്തമാക്കുക.

ജി.എച്ച്.എസ്.എസ്.ചാലപ്പുറം, ജി. എച്ച്. എസ് എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ്. കൊയിലാണ്ടി, ജി.വി.എച്ച്.എസ്.എസ്. അത്തോളി, ജി.എം.എച്ച്.എസ്.എസ്. കോഴിക്കോട്, ജി.എച്ച്.എസ്.എസ്. കുണ്ടുപ്പറമ്പ, ജി.എച്ച്.എസ്.എസ്. കുറ്റ്യാടി, ജി.വി.എച്ച്.എസ്.എസ്. മടപ്പളളി, ജി.ജി.എച്ച്.എസ്.എസ്. മടപ്പളളി, ജെ.എൻ.എം.എച്ച്.എസ്.എസ്. പുതുപ്പണം, ജി.എച്ച്.എസ്.എസ്. മാവൂർ, ജി.എച്ച്.എസ്.എസ്. കുറ്റിക്കാട്ടൂർ, ജി.എച്ച്.എസ്.എസ്. മേപ്പയ്യൂർ, ജി.എച്ച്.എസ്.എസ്. കായണ്ണ, ജി.എച്ച്.എസ്.എസ്. വെളളിയോട്, ജി.എച്ച്.എസ്.എസ്. വളയം, ജി.എച്ച്.എസ്.എസ്. പറമ്പിൽ, ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ എന്നീ സ്‌കൂളുകളിലാണ് വെതർ സ്റ്റേഷനുകളൊരുങ്ങുന്നത്.