കൊയിലാണ്ടിയിൽ നിന്നും അധികം അകലെയല്ല, ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് സഞ്ചാരികൾ, വയനാട്ടിലെ ഈ സഞ്ചാരകേന്ദ്രങ്ങളിലേക്ക് വിട്ടാലോ….


കൊയിലാണ്ടി: അവധിദിനങ്ങൾ ആനന്ദകരമാക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ് കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള മലയാളികൾ. അടുത്തും ദുരത്തുമുള്ള ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്. ഈസ്റ്റര്‍, വിഷു അടുപ്പിച്ചുള്ള അവധിദിനങ്ങള്‍ ഉൾപ്പെടെ കഴിഞ്ഞ പത്തുദിവസത്തിനിടയിൽ ഒന്നരലക്ഷത്തിലധികം സഞ്ചാരികള്‍ വയനാട്ടിലെത്തി. ഡി.ടി.പി.സി.യുടെയും മറ്റു പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെത്തിയ കണക്കൂകൾ മാത്രം ചേർത്താണിത്. സ്വകാര്യ റിസോർട്ടുകളിൽ എത്തിയവരുടേത് കൂടെ ചേർത്താൽ എണ്ണം ഇനിയും ഉയരും.

കടുത്ത ചൂടിൽ നിന്നൊരാശ്വാസം, കുടുംബത്തോടും സുഹൃത്തുക്കളോടും സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കുക തുടങ്ങിയതാണ് മിക്ക സഞ്ചാരികളുടെയും ലക്ഷ്യം. സ്കൂൾ അടച്ചതും വിഷുവിനും ഇസ്റ്ററിനും തുടർച്ചയായി അവധി ലഭിച്ചതും സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതിന് ഇടയാക്കി.

കെ.എസ്.ഇ.ബി.ക്ക് കീഴിലുള്ള ബാണാസുരസാഗര്‍ ഡാം, ജലസേചനവകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം, എന്‍ ഊര് ഗോത്രപൈതൃകഗ്രാമം, വനംവകുപ്പിന് കീഴിലുള്ള ചെമ്പ്രാപീക്ക്, പൂക്കോട് തടാകം എന്നിവിടങ്ങളിലെല്ലാം ജനസാ​ഗരമായിരുന്നു. സമീപജില്ലകളില്‍നിന്നുള്ളവര്‍ക്കൊപ്പം കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരുമാണ് ജില്ലയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയത്.

ഏപ്രില്‍ ആറുമുതല്‍ 16 വരെയായിരുന്നു സഞ്ചാരികളുടെ തിരക്ക്. പത്തുദിവസംകൊണ്ട് ഒന്നരലക്ഷത്തിലധികം സഞ്ചാരികള്‍ ഡി.ടി.പി.സി.യുടെയും മറ്റു പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെത്തി. ഒരുകോടിയിലധികം വരുമാനവും ഈ കേന്ദ്രങ്ങള്‍ക്ക് ടിക്കറ്റ് നിരക്കില്‍മാത്രം ലഭിച്ചു.

കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ഡി.ടി.പി.സി.ക്ക് കീഴിലുള്ള 11 വിനോദസഞ്ചാരകേന്ദ്രങ്ങില്‍നിന്നായി 42.29 ലക്ഷംരൂപ വരുമാനം ലഭിച്ചു. 65,608 പേരാണ് ഡി.ടി.പി.സി.ക്കു കീഴിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍മാത്രം എത്തിയത്. ബാണാസുരസാഗര്‍ ഡാമില്‍ ഏപ്രില്‍ ഏഴുമുതല്‍ 16 വരെ 34,265 പേരെത്തി. 43.01 ലക്ഷംരൂപ വരുമാനം ലഭിച്ചു. കാരാപ്പുഴ ഡാമില്‍ 24,912 പേരെത്തുകയും 6.84 ലക്ഷംരൂപയുടെ വരുമാനം ലഭിക്കുകയും ചെയ്തു. അഡ്വഞ്ചര്‍ പാര്‍ക്കിലെ വരുമാനത്തിന്റെ കണക്കുകൂടി വരുമ്പോള്‍ കാരപ്പുഴയിലെ വരുമാനവും വര്‍ധിക്കും.

എന്‍ ഊര് ഗോത്രപൈതൃകഗ്രാമം, ചെമ്പ്രാപീക്ക് എന്നിവിടങ്ങളിലെ കണക്കുകൂടി ലഭിക്കുമ്പോള്‍ വരുമാനം വര്‍ധിക്കും. ഡി.ടി.പി.സി.ക്കു കീഴിലുള്ള കേന്ദ്രങ്ങളില്‍ പൂക്കോട് തടാകത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെത്തിയത്. 28,502 പേര്‍ തടാകം സന്ദര്‍ശിക്കുകയും 20.99 ലക്ഷംരൂപ വരുമാനം ലഭിക്കുകയും ചെയ്തു.

എന്‍ ഊര്, പൂക്കോട് തടാകം, തൊള്ളായിരം കണ്ടി, അരണമല പീക്ക്, കടുവാക്കുഴി വ്യൂ പോയിന്റ്, കുറുമ്പലക്കോട്ട, മീൻമുട്ടി വെള്ളച്ചാട്ടം, എടക്കൽ ​ഗുഹ അങ്ങനെ നീളുന്ന വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക.

കൊയിലാണ്ടിയിൽ നിന്ന് ഏകദേശം രണ്ടരമണിക്കൂറിനുള്ളിൽ എത്തിച്ചേരാവുന്ന ഇടമാണ് എന്‍ ഊര് ഗോത്രപൈതൃകഗ്രാമം. കേരളത്തിന്റെ തനത് ഗോത്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് വയനാട് വൈത്തിരിക്ക് സമീപത്തെ എന്‍ ഊര്. നയനമനോഹരമായ കാഴ്ചകൾക്കൊപ്പം രുതിയൂറും ഭക്ഷണവും നിങ്ങള്‍ക്ക് ആസ്വദിക്കാവുന്നതാണ്.

വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടു‌വിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം 13 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്. പെഡൽ ബോട്ടുകളും കയ്യാക്കിം​ഗുമാണ് ഇവിടേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. പൂക്കോട് തടാകത്തിൽ നിന്ന് കാണാവുന്ന മലനിരകളിൽ ഒന്നാണ് ചെമ്പ്രാ പീക്ക്. കൽപ്പറ്റയിലെ മേപ്പാടി അടുത്തായാണ് ചെമ്പ്രപീക്ക് സ്ഥിതി ചെയ്യുന്നത്.