കാൽനടയാത്രക്കാർ, കച്ചവടക്കാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ… എല്ലാവർക്കും ദുരിതം; കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് ബപ്പൻകാടേക്കുള്ള റോഡിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുന്നു
കൊയിലാണ്ടി: റോഡിലെ വെള്ളക്കട്ടില്‍ വലഞ്ഞ് നാട്ടുകാര്‍. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ബപ്പന്‍കാടിലേക്കുള്ള റോഡിലെ വെള്ളക്കെട്ടാണ് കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ദുരിതം സമ്മാനിക്കുന്നത്. ഡ്രെയിനേജ് ഇല്ലാത്തതിനാല്‍ ചെറിയ മഴ പെയ്യുമ്പോള്‍ പോലും റോഡ് വെള്ളത്തില്‍ മുങ്ങും. ഏകദേശം മുന്നൂറ് മീറ്റര്‍ ദൂരം റോഡാണ് ചെറിയ മഴ പെയ്യുമ്പോള്‍ വെള്ളത്തില്‍ മുങ്ങുന്നത്.
ചെറിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പോലും റോഡിന് ഇരുവശത്തുമുള്ള കടകളിലേക്ക് വെള്ളം ഇരച്ച് കയറുന്നത് പതിവാണെന്നാണ് ഇവിടുത്തെ വ്യാപാരികള്‍ പറയുന്നത്. റോഡ് നിരപ്പില്‍ നിന്ന് താഴ്ചയിലുള്ള ഗള്‍ഫ് ബസാര്‍ ഉള്‍പ്പെടെയുള്ള കടകളാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. വാഹനങ്ങള്‍ പോകുമ്പോള്‍ റോഡിലെ വെള്ളം നേരെ കടയിലേക്കാണ് വീഴുക. ഇത് കടകളിലെ കച്ചവടത്തെ പോലും ബാധിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
റോഡിലെ വെള്ളം ഫുട്പാത്തിലേക്ക് കൂടി കയറുന്നതാണ് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. റോഡരികിലുള്ള ഓട്ടോറിക്ഷാ സ്റ്റാന്റിലെ തൊഴിലാളികളും വെള്ളക്കെട്ട് കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റോഡിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും ആവശ്യപ്പെടുന്നത്.
പ്രശ്‌നം ഗൗരവമുള്ളതാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ നഗരസഭ കൈക്കൊണ്ടിട്ടുണ്ടെന്നും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ.അജിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”ഇവിടെ ഡ്രെയിനേജ് നിര്‍മ്മിച്ചാല്‍ വെള്ളക്കെട്ട് ഉണ്ടാകില്ലെന്നും, ഡ്രെയിനേജ് നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും, മഴയ്ക്ക് ശേഷം ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.