നിങ്ങളുടെ കൊളസ്‌ട്രോള്‍ ലവല്‍ കൂടിയോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ!



രീര കോശാവരണങ്ങളും ഹോര്‍മോണുകളും രൂപപ്പെടാന്‍ അത്യാവശ്യമാണ് കൊളസ്‌ട്രോള്‍. വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ അത്യാവശ്യമാണെങ്കില്‍ കൂടിപ്പോയാല്‍ ആപത്തുമാണ്.

ഒരാള്‍ക്ക് കൊളസ്‌ട്രോള്‍ കൂടുതലാണോ എന്ന് തീരുമാനിക്കുമ്പോള്‍ പ്രധാനമായും കണക്കിലെടുക്കുന്ന രണ്ടുതരം കൊളസ്‌ട്രോള്‍ ഉണ്ട്. ലോ ഡെന്‍സിറ്റി ലിപ്പോ പ്രൊട്ടീനുകള്‍ (എല്‍.ഡി.എല്‍) എന്ന മോശം കൊളസ്‌ട്രോളും ഉയര്‍ന്ന ഡെന്‍സിറ്റിയുള്ള ലിപ്പോപ്രൊട്ടീന്‍ എന്ന നല്ല കൊളസ്‌ട്രോളുമാണിത്.

ആകെ കൊളസ്‌ട്രോള്‍ ലെവല്‍ തീരുമാനിക്കുന്നത് ഈ രണ്ട് കൊളസ്‌ട്രോളുകളുടെയും ട്രൈഗ്ലിസറൈഡുകളുടെയും ലെവല്‍ പരിശോധിച്ചാണ്. എല്‍.ഡി.എല്‍ ഒരു ഡെസിലിറ്ററിന് 70 മില്ലിഗ്രാമില്‍ കുറവായിരിക്കണം. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഡെസിലിറ്ററിന് 100 മുതല്‍ 130 മില്ലിഗ്രാം വരെ നോര്‍മല്‍ ആയി കണക്കാക്കാം.

കൊളസ്‌ട്രോള്‍ കൂടിയെന്ന് എങ്ങനെ അറിയാം:

കൊളസ്‌ട്രോള്‍ അധികമാണെന്ന് മനസിലാക്കാന്‍ പലമാര്‍ഗങ്ങളുമുണ്ട്. അതില്‍ പ്രധാനം പാരമ്പര്യ ഘടകങ്ങളും കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകളുമാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ പലപ്പോഴും തിരിച്ചറിയുന്നത് ആരോഗ്യപരമായ സങ്കീര്‍ണതകള്‍ക്ക് അത് കാരണമാകുമ്പോഴാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെ ഇത് ബാധിക്കും. അതിനാല്‍ നേരത്തെ തിരിച്ചറിയുന്നത് ഏറെ ഗുണം ചെയ്യും. അതിനായി ശരീരം ചില മുന്നറിയിപ്പ് നല്‍കും. അവ ഏതെല്ലാമെന്ന് നോക്കാം.

നെഞ്ചുവേദന, ഓക്കാനം, ചില സമയങ്ങളില്‍ മരവിപ്പ്, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, രക്തസമ്മര്‍ദ്ദം കൂടുക എന്നിവ കൊളസ്‌ട്രോള്‍ കൂടിയതിന്റെ സൂചനകളാവാം.

എങ്ങനെ പരിശോധിച്ചറിയാം?

ലിപ്പോ പ്രൊട്ടീന്‍ പ്രൊഫൈല്‍ എന്നു വിളിക്കുന്ന പരിശോധനയിലൂടെ കൊളസ്‌ട്രോള്‍ ലവല്‍ കണ്ടെത്താം. ഒമ്പത് മുതല്‍ 12 മണിക്കൂര്‍ വരെ വെള്ളമല്ലാതെ മറ്റ് ആഹാരം ഒന്നും കഴിക്കാതെ പരിശോധിക്കുന്നതാണ് നല്ലത്. എന്നാല്‍ കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട ചില പരിശോധനകള്‍ക്ക് ഫാസ്റ്റിങ് ആവശ്യമില്ല.