‘മഴയ്ക്ക് മുന്‍പ് ഓടകള്‍ വൃത്തിയാക്കിയില്ല’; കൊരയങ്ങാട് വയല്‍പ്പുരയില്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷം; നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധവുമായി നാട്ടുകാര്‍


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭിലെ 33 ആം വാര്‍ഡില്‍ വെള്ളക്കെട്ട് രൂക്ഷമായതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും. കൊരയങ്ങാട് വയല്‍പ്പുരയില്‍ ഭാഗത്ത് മഴ കനത്ത തോടുകൂടി വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.
കാലവര്‍ഷത്തിന് മുന്‍പ് ഓടകള്‍ വൃത്തിയാക്കാറുണ്ടായിരുന്നെന്നും ഇത്തവണ വൃത്തിയാക്കാത്തതിനാലാണ് വെള്ളക്കെട്ട് രൂക്ഷമായതെന്നും വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ആരോപിച്ചു.

പ്രദേശത്തെ മാതൃക റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും മറ്റു നിരവധി നാട്ടുകാരും കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയുടെ റൂമില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് പ്രദേശത്തെ മാതൃക റസിഡന്‍സ് അസോസിയേഷനും നാട്ടുകാും കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘടിച്ചത്.

നഗരസഭാ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ നാളെ തന്നെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് ഉറപ്പു ലഭിച്ചതുമൂലം പ്രദേശവാസികള്‍ പിരിഞ്ഞു പോയി. നാളെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും കൗണ്‍സിലര്‍ അഭിപ്രായപ്പെട്ടു.

വാര്‍ഡ് കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ശ്രീധരന്‍ ടി.എം, റിയാസ് ബാബു, രഞ്ജിത്ത് ഒ.പി, പ്രേമ ദാസന്‍, ഗംഗാധരന്‍ കെ. അനില്‍കുമാര്‍ വയല്‍പ്പുര, തുഷാര സുജിത്ത്, പ്രേമ, പ്രദേശവാസികളായ, രാജു എ.കെ, പ്രേമന്‍ ടി.പി, മണി പി.വി, ഷീബ സതീശന്‍, സീമാ സതീശന്‍, നിഷ ആനന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.