നാട്ടുകാരെ ബുദ്ധിമുട്ടിച്ച് വീണ്ടും വാഗാഡ്; രാത്രിയുടെ മറവില്‍ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം നന്തി ടൗണിലേക്ക് ഒഴുക്കി, വീഡിയോ


കൊയിലാണ്ടി: നാട്ടുകാരെ വലച്ച് വീണ്ടും വാഗാഡ്. രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം നന്തി ടൗണിലെ ജനവാസമേഖലയിലേക്ക് ഒഴുക്കിയാണ് ഇത്തവണ വാഗാഡ് നാട്ടുകാരെ ബുദ്ധിമുട്ടിച്ചത്. കക്കൂസ് മാലിന്യം റോഡില്‍ പരന്നൊഴുകിയതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ്.

നേരത്തേയും വാഗാഡിന്റെ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം ജനവാസ മേഖലയില്‍ തള്ളുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് മാലിന്യം ടാങ്കറില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചുകൊണ്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

എന്നാല്‍ മഴ പെയ്തതോടെ ഇത് സാധ്യമല്ലാതായി. തുടര്‍ന്നാണ് കഴിഞ്ഞരാത്രി വീണ്ടും മാലിന്യം ജനവാസമേഖലയില്‍ തള്ളിയത്. രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് നന്തി ടൗണില്‍ മാലിന്യം തള്ളിയത് കണ്ടത്.

ഇവിടെയുള്ള റോഡില്‍ ഇപ്പോഴും മലിനജലം കെട്ടിക്കിടക്കുകയാണ്. ഒഴുകിയെത്തുന്ന മലിനജലത്തിന്റെ ഉറവിടം അന്വേഷിച്ച് നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്. വെള്ളച്ചാട്ടം പോലെയാണ് മുകളില്‍ നിന്ന് നന്തി ടൗണിലേക്ക് മലിനജലം ഒഴുകിയെത്തിയതെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

 

നാട്ടുകാര്‍ കൊയിലാണ്ടി പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. വാഗാഡ് അധികൃതരെ വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞതായി നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജനജീവിതം ദുസ്സഹമാക്കുന്ന നടപടികള്‍ വാഗാഡിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നതിനെതിരെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിനും പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.