പി വി സത്യനാഥന്‍ വധക്കേസ്; സമീപത്തെ കുറ്റിക്കാട് നിറഞ്ഞ ഇടവഴിയില്‍ നിന്നും പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി


കൊയിലാണ്ടി: കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പ്രതി അഭിലാഷിനെ കൊലപാതകം നടന്ന ചെറിയപ്പുറം ക്ഷേത്ര പരിസരത്തും വീട്ടിലും എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.

സംഭവ ദിവസം നഷട്‌പ്പെട്ട പ്രതിയുടെ ഫോണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്ന വഴി വൈദ്യൂതി തൂണിനടുത്തുളള കുറ്റിക്കാട് നിറഞ്ഞ ഇടവഴിയില്‍ നിന്നാണ്  കണ്ടെത്തിയത്. രാവിലെ 6.30 ഓടുകൂടി അന്‍പതോളം വന്‍ പോലീസ് സംഘത്തിന്റെ അകമ്പടിയോടുകൂടിയാണ് പ്രതിയെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചത്.

കൊല ചെയ്യപ്പെട്ട ചെറിയപ്പുറം ക്ഷേത്ര വരാന്തയിലും അതിനു ചുറ്റുപാടുള്ള സ്ഥലങ്ങളിലും പ്രതിയുമായി പോലീസ് തെളിവെടുത്തു. കേസ് അന്വേഷണത്തിന് ഏറെ സഹായകമായ ഫോണ്‍ കണ്ടെത്തിയതോടെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്ക് ഉണ്ടോ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.

കഴിഞ്ഞ ദിവസം പ്രതി കൃത്യത്തിനായി ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു. പ്രത്യേക അന്വേഷണ ചുമതലയുള്ള പേരാമ്പ്ര ഡി.വൈ.എസ്.പി ബിജു, കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍വിന്‍ ജോസ്, പയ്യോളി ഇസ്‌പെക്ടര്‍, എസ്‌ഐ.മാരായ ജിതേഷ്, മനോജ്, പ്രദീപ് കുമാര്‍ തുടങ്ങി 50ല്‍ അധികം പോലീസുകാരുടെ അകമ്പടിയോടെയാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്.