അച്ഛന്റെ മിഠായി പൊതി ഇനി ഹലാനയ്ക്ക് ഓര്‍മ്മകള്‍ മാത്രം; കൊഴുക്കല്ലൂരില്‍ അപകടത്തില്‍ മരിച്ച വിഷ്ണുവിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്
മേപ്പയ്യൂര്‍: ഏറെ പ്രതീക്ഷകളുമായി ഭാര്യ രഹ്നയോടും മകളോടും യാത്ര പറഞ്ഞ് ജോലിക്കായി പോയതായിരുന്നു വിഷ്ണു മാധവ് എന്ന ഇരുപത്തിനാലുകാരന്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ അപകടം കവര്ന്നടുത്തത് അവരുടെ സന്തോഷവും ജീവിതവുമായിരുന്നു. നിടുമ്പൊയില്‍ അരിമ്പാല പറമ്പ് കോളനിയില്‍ താമസിക്കുന്ന വിഷ്ണുവാണ് കല്ലുമായി പോകുന്നതിനിടയില്‍ വഴുതി വീണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊഴുക്കല്ലൂര്‍ പുല്ലഞ്ചേരി മീത്തലിലാണ് അപകടം നടന്നത്.
വീട് പണിക്കായി ഇറക്കിയ കരിങ്കല്ല് പണി സ്ഥലത്തേക്ക് എത്തിക്കുന്നതിനായാണ് വിഷ്ണു അവിടെ എത്തിയത്. അവസാന കല്ലുമായി ഇറക്കം ഇറങ്ങുന്നതിനിടിയില് ചരളില്‍ വഴുതി വീഴുകയായിരുന്നു. കല്ലും വിഷ്ണുവും ഒപ്പം വീണതിനാല്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട് കല്ലുത്താന്‍ കടവ് പരേതനായ സുരേഷിന്റെയും രാജിയുടെയും മകനാണ് വിഷ്ണു. കൊഴുക്കല്ലൂരിലുള്ള ഭാര്യ വീടിന് സമീപത്തായി ഷെഡിലാണ് വിഷ്ണുവും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. മകള്‍ക്കും ഭാര്യയ്ക്കുമെപ്പം സന്തോഷത്തോടെയാണ് വിഷ്ണു കഴിഞ്ഞിരുത്. ചിരിച്ച മുഖവുമായി ഇറങ്ങിയ അച്ഛന് ഇനി തനിക്കൊപ്പമില്ലെന്ന സത്യം തിരിച്ചറിയാന്‍ കൂടെ കഴിയാനുള്ള പക്വത ഏക മകള്‍ ഹലാന ഹൃദ്യയ്ക്കില്ല. വിഷ്ണുവിന്റെ ഭാര്യ രഹ്നയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.