‘വിശുദ്ധ വചനങ്ങളെയും, അദ്ധ്യാപനങ്ങളെയും മറയാക്കി സമൂഹത്തില്‍ മന്ത്രവാദ, ആത്മീയ വാണിഭം നടത്തുന്ന മാഫിയക്കെതിരെ മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണം’; ആവശ്യമുയര്‍ത്തി കാപ്പാട് നടന്ന വിസ്ഡം മണ്ഡലം സമ്മേളനം


കാപ്പാട്: വിശ്വാസത്തിന്റെ മറവില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങള്‍ക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കാപ്പാട്ട് സംഘടിപ്പിച്ച മുജാഹിദ് വൈജ്ഞാനിക സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസ താല്പര്യങ്ങളെ മറയാക്കി സമ്പത്തും, ജീവനും കൊള്ളയടിക്കുന്ന പൗരോഹിത്യ ചൂഷകരെ സമൂഹം തിരിച്ചറിയണം.

വിശുദ്ധ വചനങ്ങളെയും, അദ്ധ്യാപനങ്ങളെയും മറയാക്കി സമൂഹത്തില്‍ മന്ത്രവാദ, ആത്മീയ വാണിഭം നടത്തുന്ന മാഫിയക്കെതിരെ മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ഫൈസല്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡണ്ട് എന്‍.എന്‍.സലീം അധ്യക്ഷത വഹിച്ചു. സി.പി.സലീം പ്രമേയ പ്രഭാഷണം നടത്തി. നേരത്തെ ചേമഞ്ചേരി പഞ്ചായത്ത് മെമ്പര്‍ ശരീഫ് മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി കെ.ജമാല്‍ മദനി, സംസ്ഥാന കൗണ്‍സിലര്‍ ഉമ്മര്‍ കാപ്പാട്, കുഞ്ഞമ്മദ് അരിക്കുളം, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഫൈറൂസ് അഹമ്മദ്, വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഹംറാസ് സംസാരിച്ചു. വിസ്ഡം മണ്ഡലം സെക്രട്ടറി ഒ.കെ അബ്ദുല്ലത്തീഫ് സ്വാഗതവും വിസ്ഡം യൂനിറ്റ് സെക്രട്ടറി മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.