ജനങ്ങളുടെ കടുത്ത പ്രതിഷേധം; ഇന്നലെ അടച്ച കൊയിലാണ്ടി- അണേലകടവ് റോഡ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നു


കൊയിലാണ്ടി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി അടച്ച കൊയിലാണ്ടി- അണേല റോഡ് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തുറന്നു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്.

പ്രദേശ വാസികള്‍ക്ക് മുന്നറിയിപ്പോ പകരമുള്ള സര്‍വീസ് റോഡിന്റെ പണിയോ പൂര്‍ത്തിയാക്കാതെ റോഡ് അടച്ചതിനാലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയ പാത നിര്‍മാണ കരാര്‍ കമ്പനിയായ വഗാഡിന്റെ ജോലിക്കാര്‍ സ്ഥലത്തെത്തി റോഡില്‍ കൂട്ടിയിട്ട മണ്ണുള്‍പ്പെടെയുളളവ ജെസിബി ഉപയോഗിച്ച് നീക്കി.

ദേശീയ പാത വികസന അതോറിറ്റിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രദേശവാസികളോട് റോഡ് അടക്കുന്ന മുന്നറിയിപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വഴിയുള്ള പ്രധാന റോഡായ ഈ വഴിയിലൂടെ നിരവധിയാളുകളാണ് ദിവസേന കടന്നു പോകുന്നത്. റോഡ് അടച്ചതോടെ വിദ്യാര്‍ത്ഥികള്‍ കോതമംഗലം സ്‌കൂളിലെത്താന്‍ ഓരു കിലോമീറ്ററോളം ദൂരം അധികം യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു.

സ്ഥലത്ത് അണ്ടര്‍പാസിനായി ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച പകരമുള്ള സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിക്കാത്ത ദേശീയ പാത വികസന ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

കൗണ്‍സിലര്‍ ദൃശ്യ, വേണുഗോപന്‍ പി.വി, അരുണ്‍ മണമല്‍, ഷിജു റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.