തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി ഓഫീസിലെ അക്രമം; പ്രതിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ ലൈന്‍മാനും കരാർ ജീവനക്കാരനുമെതിരെ തല്‍ക്കാലം നടപടിവേണ്ടെന്ന് ഹൈക്കോടതി
തിരുവമ്പാടി: തിരുവമ്പാടിയില്‍ ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കെതിരായ പരാതിയില്‍ തല്‍ക്കാലം നടപടി വേണ്ടെന്ന് ഹൈക്കോടതി. തിരുവമ്പാടി സ്വദേശി അജ്മലിന്റെ ഉമ്മയെ ആക്രമിച്ചുവെന്ന പരാതിയില്‍ ലൈന്‍മാന്‍ പ്രശാന്ത്, കരാര്‍ ജീവനക്കാരന്‍ അനന്തു എന്നിവര്‍ക്കെതിരെ നടപടി പാടില്ലെന്നാണ് നിര്‍ദേശം. ആക്രമണം നടന്നുവെന്ന് ആരോപിക്കുന്ന ദിവസം ജോലിയിലുണ്ടായിരുന്നില്ലെന്ന് പ്രശാന്ത് ഹൈക്കോടതിയില്‍ മൊഴി നല്‍കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്തും അനന്തുവും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ആഗസ്റ്റ് 21വരെ ഇവര്‍ക്കെതിരെ യാതൊരു നടപടിയും പാടില്ലെന്നാണ് കോടതി നിര്‍ദേശം. പൊലീസിന് പ്രതികളെ ചോദ്യം ചെയ്യാം.
കെ.എസ്.ഇ.ബി ജീവനക്കാര്‍ തങ്ങളെ മര്‍ദ്ദിച്ചു, അസഭ്യം പറഞ്ഞുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഈ പരാതിയില്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ ലൈന്‍മാന്‍ പ്രശാന്തിനും അനന്തുവിനും എതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ബില്ല് അടക്കാത്തതിനെ തുടര്‍ന്നായിരുന്നു അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓണ്‍ലൈനായി ബില്ലടച്ച അജ്മല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേന്നാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ എത്തിയത്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവത്തില്‍ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് കേസെടുത്തതില്‍ പ്രകോപിതനായ അജ്മല്‍ സഹോദരനൊപ്പം കെ.എസ്.ഇ.ബി ഓഫിസിലെത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തില്‍ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നായിരുന്നു കെ.എസ്.ഇ.ബി.യുടെ റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് അജ്മലിന്റെ ഉമ്മയെ കെ.എസ്.ഇ.ബി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതി നല്‍കിയത്.