കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടല്ല, വിജയ് യേശുദാസും റിമി ടോമിയും നാണംകെട്ട പരസ്യങ്ങളില്‍ നിന്ന് പിന്മാറണം; ചേലിയ സ്വദേശിനി ബിജിഷയടക്കം നിരവധി പേരെ ആത്മഹത്യയിലേക്ക് എത്തിച്ച ഓണ്‍ലൈന്‍ റമ്മി കളിയ്‌ക്കെതിരെ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ നിയമസഭയില്‍
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി ബിജിഷയടക്കം നിരവധി പേരെ ആത്മഹത്യയിലേക്ക് നയിച്ച ഓണ്‍ലൈന്‍ റമ്മി കളിയ്‌ക്കെതിരെയും ഇതിന്റെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെയും കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ നിയമസഭയില്‍. രാജ്യ ദ്രോഹ പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
‘ഓണ്‍ലൈന്‍ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി, ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര്‍ പിന്‍മാറാന്‍ സംസ്‌കാരിക മന്ത്രി സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍’- ഗണേഷ് കുമാര്‍ പറഞ്ഞു.
‘റമ്മി കളിയില്‍ അടിമപ്പെട്ട് ജീവനൊടുക്കുന്നത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ആത്മഹത്യ നടക്കുന്നുണ്ട്. ലജ്ജ തോന്നുന്ന കാര്യം കലാകാരന്മാര്‍ ഇതിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നു എന്നതാണ്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ താരമാണ്, പൈസ ഇല്ലാത്ത താരമല്ല. വിരാട് കോലി നല്ലൊരു കായിക താരമാണ്. എല്ലാവര്‍ക്കും ബഹുമാനവും ഇഷ്ടവുമുണ്ട്. അഞ്ച് പൈസ ഇല്ലാത്ത പിച്ചക്കാരനല്ല. കൈയ്യില്‍ പൈസ ഇല്ലാഞ്ഞിട്ടുമല്ല. ഇത്തരം നാണം കെട്ട പരിപാടിയില്‍ നിന്ന് എല്ലാവരും പിന്മാറണം’- ഗണേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇതെന്നും താരങ്ങളോടും സാംസ്‌കാരിക നായകരോടും ഒരു അഭ്യര്‍ത്ഥന വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും നടത്താമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കൊയിലാണ്ടി ചേലിയ സ്വദേശിനി ബിജിഷയടക്കം നിരവധി പേരാണ് ഓണ്‍ലൈന്‍ റമ്മികളിയില്‍പ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടിവരികയും ചെയ്തത്. ഒരുവര്‍ഷത്തിനിടെ റമ്മി കളിച്ച് ഒരു കോടി രൂപയ്ക്കടുത്താണ് ബിജിഷ കടക്കെണിയിലായത്. 2021 ഡിസംബര്‍ 11നാണ് ബിജിഷയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി.എഡ് ബിരുദധാരിയായ ബിജിഷ സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു.
summary: Vijay Yesudas and Rimi Tommy should withdraw from rummy ads: kb ganesh kumar mla aginst onlilne rummy games