വയനാടിന്റെ കണ്ണീരൊപ്പാന്‍ ഒത്തൊരുമിച്ച് മുന്നോട്ട്‌; വെഹിക്കിൾ വാട്ടർ സർവീസ് ചലഞ്ച് സംഘടിപ്പിച്ച്‌ ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി


കീഴരിയൂര്‍: വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന വീടുകളുടെ നിര്‍മ്മാണത്തിനായി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെഹിക്കിൾ വാട്ടർ സർവീസ് ചലഞ്ച് സംഘടിപ്പിച്ചു. സിപിഐ (എം) കീഴരിയൂർ ലോക്കൽ സെക്രട്ടറി കെ.ടി രാഘവൻ ഉദ്ഘാടനം ചെയ്തു.

ചലഞ്ച് സംഘടിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് പ്രദേശത്തെ നിരവധി പേരാണ് പങ്കാളികളായത്. കാര്‍, ലോറി, ബൈക്ക് തുടങ്ങി നിരവധി വാഹനങ്ങളാണ് പ്രവര്‍ത്തകര്‍ ഇന്ന് കഴുകിയത്. വാഹന ഉടമകള്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാം എന്നതായിരുന്നു ചലഞ്ചിന്റെ പ്രത്യേകത. രാവിലെ 9മണിക്ക് ആരംഭിച്ച ചലഞ്ച് വൈകുന്നേരം നാല് മണിയോടെയാണ് അവസാനിച്ചത്.

ഡിവൈഎഫ്ഐ കീഴരിയൂർ മേഖല സെക്രട്ടറി നികേഷ്, പ്രസിഡന്റ് ലിനീഷ്, ട്രഷറര്‍ സിദ്ധാര്‍ത്ഥ്, ജോയിന്‍ സെക്രട്ടറി സുബിന്‍രാജ്, വൈസ് പ്രസിഡന്റ് അഭിന്‍ രമേശ്, ആതിര, ശ്രീന, സ്മിതേഷ്, അക്ഷയ്, നിവേദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

വെഹിക്കില്‍ വാട്ടര്‍ സര്‍വ്വീസ് ചലഞ്ചിനൊപ്പം ആഗസ്ത് 15ന് ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ഡിന്നര്‍ ചലഞ്ച് കൂടി സംഘടിപ്പിക്കുന്നുണ്ട്. നാല് പൊറോട്ടയും ചിക്കനും 200 രൂപ വിലയിട്ടാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.