വയോജന പരിപാലനത്തില്‍ മികച്ച മാതൃകകള്‍ കാഴ്ച്ച വെച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വയോസേവന അവാര്‍ഡ് കൊയിലാണ്ടി നഗരസഭയ്ക്ക്


കൊയിലാണ്ടി: കേരള സാമൂഹ്യ നീതി വകുപ്പ് നല്‍കി വരുന്ന വയോസേവന അവാര്‍ഡ് കൊയിലാണ്ടി നഗരസഭയ്ക്ക്.
വയോജന പരിപാലനത്തില്‍ മികച്ച മാതൃകകള്‍ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്. ഒക്ടോബര്‍ 1 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.

വയോജനങ്ങള്‍ക്കായി നിരവധി പദ്ധതികളും സഹായങ്ങളുമാണ് കൊയിലാണ്ടി നഗരസഭ ഇതുവരെ നടപ്പിലാക്കിയത്. മികവുറ്റതും കൃത്യതയോടെയുമുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഇത്തരമൊരു അവാര്‍ഡ് ലഭിക്കാന്‍ കാരണമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 44 വയോ ക്ലബ്ബുകളാണ് നഗരസഭയില്‍ രൂപീകരിച്ചത്. ഈ ക്ലബ്ബുകള്‍ക്കെല്ലാം പ്രത്യേകമായി പരിപാടികളും കൃത്യമായി സംഘടിപ്പിക്കുന്നുണ്ട്.

ക്ലബ്ബുകള്‍ രൂപീകരിച്ചതിന് ശേഷം വാര്‍ഡ് തലത്തിലും മുന്‍സിപ്പല്‍ തലത്തിലും വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും. കൂടാതെ എല്ലാ വയോജന പ്രാധാന്യമുള്ള ദിനങ്ങളും പ്രയോജനകരമാവുന്ന തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വയോജനങ്ങള്‍ക്കായി യാത്ര സംഘടിപ്പിക്കുകയും കൂടാതെ നെല്ല്യാടി ടൂറിസത്തില്‍ വെച്ച് വയോജനങ്ങളുടെ കലാപരിപാടികള്‍ ഗംഭീരമായി നടത്തി. ഇത് വാര്‍ഡ് തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് പിന്നീട് കലാപരിപാടികള്‍ അവതരിപ്പിച്ചത്. പങ്കെടുത്ത എല്ലാവര്‍ക്കും ഉപാഹാര സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്.

കൂടാതെ വയോക്ലിനിക്കുകള്‍ കാര്യക്ഷമമായി തന്നെ നടപ്പിലാക്കിയിരുന്നു. 22 സെന്ററുകളിലായി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ മരുന്നുകളും പ്രഷര്‍, ഷുഗര്‍ തുടങ്ങിയ ചെക്കപ്പുകളും മാസത്തില്‍ രണ്ട് തവണ ഓരോ സെന്ററില്‍ വെച്ചും നടത്താറണ്ട്. ചെക്കപ്പ് നടത്തുന്ന ദിവസം മുന്‍കൂട്ടി വയോജനങ്ങളെ കൃത്യമായി അറിയിക്കുകയും ചെയ്യാറുണ്ടെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എല്ലാ വര്‍ഷവും കിടപ്പുരോഗികള്‍ക്ക് കട്ടില്‍ വിതരണവും നടത്താറുണ്ട്. ഇതുവരെ മുന്നൂറോളം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Summary: vayosevana award given by Kerala Department of Social Justice to Koyilandy Municipal Corporation.