നാടിന് അഭിമാന നിമിഷം; വയലാർ രാമവർമ സാംസ്കാരിക വേദിയുടെ പുരസ്കാരം ഏറ്റുവാങ്ങി കൊയിലാണ്ടിക്കാരൻ മണിശങ്കർ


തിരുവനന്തപുരം: മികച്ച രണ്ടാമത്തെ പ്രസാധകനുള്ള വയലാർ രാമവർമ സാംസ്കാരിക വേദിയുടെ പുരസ്കാരം കൊയിലാണ്ടി പന്തലായനി സ്വദേശിയും ജ്ഞാനേശ്വരി പബ്ലിക്കേഷൻസിന്റെ അമരക്കാരനുമായ മണിശങ്കർ ഏറ്റുവാങ്ങി. ഭക്ഷ്യമന്ത്രി ജി.ആർ.അനിലാണ് പുരസ്കാരം സമ്മാനിച്ചത്. മികച്ച പ്രസാധകനുള്ള പുരസ്കാരം ഒലിവ് ബുക്സിന്റെ ചെയർമാൻ ഡോ. എം.കെ.മുനീർ ഏറ്റുവാങ്ങി.

തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വയലാര്‍ രാമവര്‍മ്മ സാസ്‌കാരിക ഉത്സവത്തില്‍ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.

മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രതാപൻ തായാട്ടും യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ.ആർ.അജയനും സിനിമാ മേഖലയിലെ പ്രവർത്തനത്തിനുള്ള പുരസ്കാരം കല്ലിയൂർ ശശിയും ജീവകാരുണ്യ പ്രവർത്തത്തിനുള്ള പുരസ്കാരം സാബു അങ്ങാടിക്കലും ഏറ്റുവാങ്ങി.

വയലാർ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ. ജി.രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ചന്ദ്രിക, ശ്രീവത്സം നമ്പൂതിരി, കൗൺസിലർ കരമന അജിത്ത്, എസ്.ആർ.കൃഷ്ണകുമാർ, മണക്കാട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബിച്ചു തിരുമലയുടെ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് മണക്കാട് ഗോപൻ നയിച്ച ഗാനമേളയും വേദിയിൽ അരങ്ങേറി.


Related News: അറിവിന്റെ ലോകത്തേക്ക് വെളിച്ചം വീശിയതിന് ആദരം; വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ രണ്ടാമത്തെ മികച്ച പ്രസാധകനുള്ള പുരസ്‌കാരം കൊയിലാണ്ടിക്കാരനായ മണിശങ്കറിന്; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…