ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍; കോതമംഗലം ഗവ. എൽ.പി സ്കൂളിലെ കുരുന്നുകള്‍ക്ക് കളിച്ച് പഠിച്ച് വളരാൻ ‘വര്‍ണ്ണകൂടാരം’


കൊയിലാണ്ടി: കുരുന്നുകള്‍ക്ക് ഇനി കണ്ടും കേട്ടും അറിഞ്ഞും വളരാം. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിക്ക് കോതമംഗലം ഗവ. എൽ പി സ്കൂളിൽ തുടക്കമായി. വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കേരളത്തിലെ കുട്ടികളുടെ ഭാവി കുറ്റമറ്റതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കുന്ന പദ്ധതികളാണ് സർക്കാർ സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മാതൃകാ പ്രീ പ്രൈമറി സ്കൂൾ പരിപാടിയിലൂടെ കഴിഞ്ഞ വർഷം മുതൽ സംസ്ഥാനത്തെ 2200 പ്രൈമറി സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സർവ്വോന്മുഖ വികാസത്തിന് സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങളാണ് ഓരോ സ്കൂളിലും സജ്ജീകരിച്ചിട്ടുള്ളത്. കാനത്തിൽ ജമീല എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം സ്കൂളിന് രണ്ട് ക്ലാസ് മുറികൾ കൂടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, നഗരസഭ കൗൺസർമാരായ ദൃശ്യ എം, ഷീന ടി കെ, ഡി പി എസ് എസ് കെ യമുന എസ്, വടകര ഡി ഇ ഒ ഹെലൻ ഹൈസന്റ്, കൊയിലാണ്ടി എ ഇ ഒ ഗിരീഷ് കുമാർ എ പി, കൊയിലാണ്ടി ബി പി സി കെ ഉണ്ണികൃഷ്ണൻ, മുൻ എം എൽ എമാരായ കെ ദാസൻ, പി വിശ്വൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി ടി എ പ്രസിഡന്റ് പി എം ബിജു, എസ് എം സി ചെയർമാൻ അനിൽകുമാർ, ചെയർപേഴ്സൺ ഷിംന കെ കെ തുടങ്ങിയവർ സംബന്ധിച്ചു.

പ്രധാനാധ്യാപകൻ പ്രമോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റീന നന്ദിയും പറഞ്ഞു.