1962 ലെ പഴയ കെട്ടിടമല്ല, മുഖച്ഛായ മാറി കൊയിലാണ്ടി ഗവ. പ്രീപ്രൈമറി സ്കൂൾ വർണ്ണക്കൂടാരമായി


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. പ്രീപ്രൈമറി സ്കൂളിൽ വർണ്ണക്കൂടാരം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരളം (എസ് എസ് കെ) സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പന്തലായനി ബി ആർ സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണ്ണകൂടാരം ഒരുക്കിയത്.

കുരുന്നുകള്‍ക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്. 1962 ൽ തുടങ്ങിയ ആദ്യ പ്രീ പ്രൈമറി വിദ്യാലയത്തിൽ ഒന്നാണ് കൊയിലാണ്ടിയിലുള്ളത്.

എസ് എസ് കെ കോഴിക്കോട് ഡിപിഒ എസ് യമുന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ. ഇന്ദിര ടീച്ചർ, പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ഇ കെ. അജിത് മാസ്റ്റർ, വാർഡ് കൗൺസിലർമാരായ പി പ്രജീഷ, രത്നവല്ലി ടീച്ചർ, കെ കെ. വൈശാഖ്, എ ഇ ഒ ഗിരീഷ് കുമാർ എ പി, പന്തലായനി ബിപിസി ഉണ്ണികൃഷ്ണൻ, ജി എച്ച് എസ് എസ് പി ടി എ പ്രസിഡന്റ് സുരേഷ് ബാബു, പ്രീപ്രൈമറി പി ടി എ പ്രസിഡന്റ് അനീഷ് പി വി എന്നിവർ സംസാരിച്ചു. ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും പ്രീ പ്രൈമറി പ്രധാനാധ്യാപിക സിന്ധ്യദാസ് നന്ദിയും പറഞ്ഞു.

summary: Varnnakoodaram project at Koyilandy Govt pre primary school