സ്‌കൂള്‍ കുട്ടികളുടെ ബാലനിധിയിലെ സമ്പാദ്യം അടക്കം വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതര്‍ക്ക് തണലേകാന്‍ കൊയിലാണ്ടിയിലെ വിവിധ സംഘടനകളും, വയനാടിന് വേണ്ടി ഒന്നിച്ച് നാട്


കൊയിലാണ്ടി: വയനാട്ടിലെ ദുരിതബാധിതര്‍ക്കായി വിവിധയിടങ്ങളില്‍ നിന്നുമാണ് സഹായങ്ങള്‍ ഒഴുകിയെത്തുന്നത്. കൊയിലാണ്ടിയില്‍ നിന്നും വിവിധ സംഘടനകളും സ്‌കൂള്‍ കുട്ടികളുമടക്കം വലിയ സഹായങ്ങളാണ് ദുരിതബാധിതര്‍ക്കായി നല്‍കികൊണ്ടിരിക്കുന്നത്.

കൊയിലാണ്ടി ലോയേഴ്‌സ് യൂണിയന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കി. സമാഹരിച്ച ഫണ്ട് യൂനിയന്‍ ജില്ലാ സെക്രട്ടറി അഡ്വ. കെ.സത്യന്‍ ഏറ്റുവാങ്ങി. അഡ്വ. എന്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ പി പ്രശാന്ത്, അഡ്വ: പി. ജതിന്‍ , അഡ്വ നിമിഷ എന്നിവര്‍ സംസാരിച്ചു.

വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്ത പശ്ചാത്തലത്തില്‍ ‘ഒരുമ’ റെസിഡന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്’ കേരളാ ബാങ്ക് കൊയിലാണ്ടി’ ശാഖ വഴി സംഭാവന കൈമാറി .പ്രസിഡണ്ട് അഡ്വ മുഹമ്മദലി, സെക്രട്ടറി ബാബു പിപി, ട്രഷറര്‍ പ്രശാന്ത് .കെ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടാതെ 40വര്‍ഷം മുമ്പ് ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1980 എസ്.എസ്.എല്‍.സി ബാച്ച് കൂട്ടായ്മയായ സതീര്‍ഥ്യര്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിച്ചു. കേവലം മൂന്ന് ദിവസം കൊണ്ട് അംഗങ്ങളില്‍ നിന്നും സംഭവനയായി ലഭിച്ച 42151/രൂപ കൊയിലാണ്ടി സബ് ട്രഷറി ഓഫീസര്‍ ഭാരവാഹികളില്‍ നിന്നു ഏറ്റുവാങ്ങി. പ്രസിഡന്റ് അശോകന്‍ പാറക്കീല്‍, സെക്രട്ടറി സത്യന്‍ മുത്താമ്പി ട്രഷറര്‍ സി. രാഘവന്‍ സ്വസ്ഥവൃത്തം എന്നിവര്‍ നേതൃത്വം വഹിച്ചു.

വേളൂര്‍ ജിഎംയുപി സ്‌കൂളിലെ 59 കുട്ടികളും അധ്യാപകരും കൈകോര്‍ത്ത് ഒറ്റ ദിവസം കൊണ്ട് വയനാടിനായി സ്വരൂപിച്ച്് ഒരു ലക്ഷത്തിലേറെ രൂപ. സ്‌കൂളിലെ 59 കുട്ടികള്‍ തങ്ങളുടെ സമ്പാദ്യപദ്ധതിയായ ‘ബാലനിധി’യിലെ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ഇതോടൊപ്പം സമ്പാദ്യപദ്ധതിയില്‍ അംഗങ്ങളല്ലാത്ത വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും കൂടി വിഹിതമിട്ടതോടെ തുക ഒരു ലക്ഷം കവിഞ്ഞു.

സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി എസ് ആര്‍ ജ്യോതികയാണ് ബാലനിധിയിലെ സമ്പാദ്യം വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറായി ആദ്യം മുന്നോട്ടുവന്നത്. തുടര്‍ന്ന് ജ്യോതികയുടെ ക്ലാസ്സിലെ കുട്ടികളും മറ്റ് ക്ലാസ്സുകളിലെ കുട്ടികളുമായി വിദ്യാര്‍ത്ഥികള്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. തുക എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രധാനാധ്യാപകന്‍ ടി എം ഗിരീഷ് ബാബു പറഞ്ഞു.