‘ആ ചേച്ചിയുടെ സന്തോഷം കണ്ടാണ് ഞാനെന്റെ മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയത്’ കാവുന്തറയിലെ വൈഗ ലക്ഷ്മി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ‘അമ്മയുടെ ഫേസ്ബുക്കില്‍ ഒരു ചേച്ചിയെ കണ്ടിരുന്നു, ക്യാന്‍സര്‍ രോഗിയാണ് ആ ചേച്ചി. മുടി കിട്ടിയപ്പോഴുള്ള അവരുടെ സന്തോഷം കണ്ടപ്പോള്‍ ഞാനും തീരുമാനിച്ചു, എന്റെ മുടിയും ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുമെന്ന്’ മുടി ദാനം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അഞ്ചാം ക്ലാസുകാരി വൈഗ ലക്ഷ്മിയുടെ വാക്കുകളാണിത്.
ക്യാന്‍സര്‍ രോഗത്തെക്കുറിച്ചോ, ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുമ്പോള്‍ രോഗികള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ചോ ഒന്നും വൈഗാ ലക്ഷ്മിയ്ക്ക് അറിയില്ല. പക്ഷേ, നഷ്ടപ്പെട്ട മുടിയ്ക്കു പകരം മുടി കിട്ടിയപ്പോഴുള്ള ഒരു സ്ത്രീയുടെ സന്തോഷമാണ് ഇഷ്ടത്തോടെ വളര്‍ത്തിയ മുടിയെക്കാളും പ്രധാനമെന്ന് തീരുമാനമെടുക്കാന്‍ വൈഗയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.
കാവുന്തറ വിലങ്ങില്‍ രതീഷിന്റെയും രജിതയുടെയും മകളാണ് വൈഗ ലക്ഷ്മി. കാവുന്തറ യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. മുടി മുറിച്ച് ബ്ലഡ് ഡോണേഴ്സ് കേരള വഴി തൃശൂരിലെ അമല ആശുപത്രിയ്ക്ക് കൈമാറുകയായിരുന്നു. മകളുടെ ഈ തീരുമാനത്തില്‍ രതീഷിനും ഭാര്യ രജിതയ്ക്കും അഭിമാനം മാത്രം.