പ്രവാസികള്‍ക്ക് മാതൃകയും അഭിമാനവുമായി വടകര സ്വദേശി; ബഹ്‌റൈനില്‍ റോഡില്‍ നിന്ന് വീണ് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി
മനാമ: റോഡില്‍ നിന്ന് വീണ് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി പ്രവാസി. വടകര മേപ്പയില്‍ സ്വദേശിയായ അശോകന്‍ സരോവറാണ് നല്ല മാതൃക കാണിച്ച് പ്രവാസികളുടെ അഭിമാനമായത്.
ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലാണ് സംഭവം. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്തുള്ള കന്‍സാര ജ്വല്ലറിയിലെ ജീവനക്കാരനായ അശോകന് ബുധനാഴ്ച രാവിലെയാണ് ജ്വല്ലറിയുടെ സമീപമുള്ള വഴിയില്‍ വച്ച് ഒരു പൊതി ലഭിച്ചത്. ബിസ്‌കറ്റ് കവറിനുള്ളില്‍ പൊതിഞ്ഞ നിലയിലുള്ള 1540 ദിനാറാണ് പൊതിയിലുണ്ടായിരുന്നത്.
പണമടങ്ങിയ പൊതി ലഭിച്ച ഉടന്‍ അശോകന്‍ ജ്വല്ലറി ഉടമയെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സമീപമുള്ള മറ്റൊരു ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയുടെതാണ് പണമെന്ന് മനസിലായത്. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന മൂന്ന് കെട്ടുകളില്‍ ഒരെണ്ണം റോഡില്‍ വീണ് പോകുകയായിരുന്നു.
അശോകന്‍ ഉടന്‍ തന്നെ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി പണം തിരികെ ഏല്‍പ്പിച്ചു. നഷ്ടപ്പെട്ടു എന്ന് കരുതിയ തന്റെ പണം ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം അശോകനില്‍ നിന്ന് ഏറ്റുവാങ്ങിയത്. പാരിതോഷികമായി ഒരു തുക അശോകന് വാഗ്ദാനം ചെയ്‌തെങ്കിലും അത് അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിച്ചു.