ആന്ധ്രയില്‍ നിന്ന് കഞ്ചാവെത്തിക്കുന്നതിലെ പ്രധാനി; മൂന്നര കിലോഗ്രാം കഞ്ചാവുമായി വടകര സ്വദേശി അറസ്റ്റിൽ; കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും വിൽപ്പന


പെരിന്തല്‍മണ്ണ: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയപ്പോൾ വീണ്ടും കഞ്ചാവ് വിൽപ്പന. വടകര സ്വദേശി അറസ്റ്റിൽ. വടകര അഴിയൂര്‍ സ്വദേശി ശരത്തിനെ (41) യാണ് അറസ്റ്റ് ചെയ്തത്. മൂന്നര കിലോഗ്രാം കഞ്ചാവുമായാണ് പെരിന്തല്‍മണ്ണ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവെത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപ്പാസില്‍ വച്ചാണ് എസ്.ഐ സി.കെ. നൗഷാദും സംഘവും ഇയാളെ കയ്യോടെ പിടികൂടിയത്. സംഘത്തിലെ ചിലർ താമരശ്ശേരി ഭാഗത്തുള്ളവരാണെന്നും ഇവരെകുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടനെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

ഈ വര്‍ഷം ജനുവരിയില്‍ ആന്ധ്രയില്‍ നിന്നും 2 കിലോഗ്രാം കഞ്ചാവുമായി വരുന്നതിനിടെ ഇയാൾ പിടിയിലായിരുന്നു. താമരശ്ശേരി എക്‌സൈസ് ആണ് അറസ്റ്റ് ചെയ്തത്. നാലുമാസം മുൻപാണ് ഈ കേസില്‍ നിന്നും ഇയാൾ ജാമ്യത്തിലിറങ്ങിയത്.

ജില്ലയിലെ നിരവധി തട്ടിപ്പ് കേസുകളിലും പ്രതിയാണ്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടതിനാല്‍ ജാമ്യം റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ സി.അലവി എന്നിവര്‍ അറിയിച്ചു.

പ്രൊബേഷന്‍ എസ്.ഐ. ഷൈലേഷ്, എ.എസ്.ഐ ബൈജു, സജീര്‍, ഉല്ലാസ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

mid4

summary: Vadakara native arrested with 3.5 kg ganja; It was sold again when he was out on bail in the ganja case